മാര്‍സ ആലമിലെ പോര്‍ട്ട് ഗാലിബില്‍ നിന്ന് 31 വിനോദസഞ്ചാരികളും 14 ജീവനക്കാരുമായി പുറപ്പെട്ട ബോട്ട് ചെങ്കടലില്‍ മുങ്ങിയതായി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തില്‍ 17 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.45 പേരുമായി പോയ ഒരു സഫാരി ബോട്ട് ചെങ്കടലിലെ മാര്‍സ ആലം നഗരത്തിന്റെ വടക്കന്‍ പ്രദേശത്ത് മുങ്ങിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.സംഭവം നടന്ന പ്രദേശത്തുകൂടി കടന്നുപോയ മറ്റ് കപ്പലുകള്‍ രണ്ട് ചൈനീസ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്.
സീ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ഞായറാഴ്ച മാര്‍സ ആലമിലെ പോര്‍ട്ട് ഗാലിബില്‍ നിന്ന് 31 വിനോദസഞ്ചാരികളും 14 ജീവനക്കാരുമായായിരുന്നു പുറപ്പെട്ടത്. വെള്ളിയാഴ്ച ഹുര്‍ഗദ മറീനയില്‍ എത്തേണ്ടതായിരുന്നു.
ചെങ്കടല്‍ പ്രവിശ്യയുടെ നിയന്ത്രണ കേന്ദ്രത്തിന് ഒരു ക്രൂ അംഗത്തില്‍ നിന്ന് പ്രാദേശിക സമയം ഏകദേശം 5:30നോടടുത്ത് അപകട സിഗ്‌നല്‍ ലഭിച്ചിരുന്നതായും പറയുന്നുണ്ട്. അതിനിടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബോട്ട് ആക്രമിക്കപ്പെട്ടാതാണോ എന്ന സംശയവും ഉയരുന്നത്.
ഗസയിലും മറ്റും ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി നിരവധി ചരക്ക് കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ച് തകര്‍ത്തത്. എന്നാല്‍ യാത്രാബോട്ടുകള്‍ക്ക് നേരെ ഇതുവരെയും ആക്രമണം ഉണ്ടായിട്ടില്ലെ. എന്നാല്‍ ലെബനനില്‍ ഹിസ്ബുള്ളയ്ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ഓഗസ്റ്റില്‍ ഗ്രീക്ക് എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണമുണ്ടായ ശേഷം സ്ഥിതി അല്‍പ്പമൊന്ന് ശാന്തമായിരുന്നു. നേരത്തെ ഗാസയില്‍ നടക്കുന്ന ഇസ്രായേലിന്റെ അധിനിവേശത്തെയും ഹൂതികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ചെങ്കടലില്‍ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ കാരണം, സൂയസ് കനാല്‍ വഴിയുള്ള ആഗോള ചരക്കുനീക്കം ഇപ്പോള്‍ ഏതാനിലച്ചിരിക്കുന്ന അവസ്ഥയാണ്.
ആക്രമണത്തില്‍ 2 കപ്പലുകളാണ് കഴിഞ്ഞ 10 മാസത്തിനിടയ്ക്ക് തകര്‍ക്കപ്പെട്ടത്. ഏതന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ ടാങ്കേഴ്‌സിന്റെ ഉടമസ്ഥതിയലുള്ളതാണ് ഹൂതികള്‍ ആക്രമിച്ച സൗനിയന്‍ എണ്ണക്കപ്പല്‍. ഇസ്രയേല്‍ പിടിച്ചെടുത്ത പലസ്തീന്റെ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകരുതെന്ന തങ്ങളുടെ വിലക്ക് ഡെല്‍റ്റ ടാങ്കേഴ്‌സ് കമ്പനി ലംഘിച്ചുവെന്നും ഇതിനാലാണ് ആക്രമണമെന്നുമാണ് ഹൂതി വിമതരുടെ വാദം.
അറബിക്കടല്‍, ചെങ്കടല്‍ എന്നിവിടങ്ങളിലെ യു.എസ്, ബ്രിട്ടീഷ് നടപടികള്‍ക്കെതിരെ ഹൂതികള്‍ കൂടുതല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് ഹൂതി വക്താവ് യഹ്യ സാരി പ്രസ്താവിച്ചിരിക്കുന്നത്. ആക്രമണത്തോട് പ്രതികരിക്കാനും യെമനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കാനുമുള്ള അവകാശം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗസ്സയിലെ ഉപരോധം പിന്‍വലിക്കുകയും ഫലസ്തീന്‍ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങളെ അവഗണിച്ചുകൊണ്ടാണ് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഏകദേശം 80ഓളം കപ്പലുകളാണ് ഇതുവരെ ആക്രമിച്ചത്.