റഷ്യന്‍ എണ്ണ ഇറക്കുമതി; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇന്ത്യ

ഇന്ത്യയുടെ യൂറോപ്യന്‍ പങ്കാളികളില്‍ പലരും റെയര്‍ എര്‍ത്ത് മൂലകങ്ങളും മറ്റ് ഊര്‍ജോത്പന്നങ്ങളും, ഇന്ത്യ വാങ്ങരുതെന്ന് അവര്‍ നിര്‍ദേശിക്കുന്ന രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്

author-image
Biju
New Update
RUS

ലണ്ടന്‍: റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി യുകെയിലെ ഇന്ത്യയുടെ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമി.
ഭൗമരാഷ്ട്രീയ ആശങ്കകളുടെ പേരില്‍ ഇന്ത്യക്ക് തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ അടച്ചുപൂട്ടാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'നമ്മുടെ (ഊര്‍ജ്ജ) ആവശ്യങ്ങളുടെ 80% ത്തിലധികവും നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. നമ്മള്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നമ്മുടെ സമ്പദ്‌വ്യവസ്ഥ ഓഫ് ചെയ്യണോ?'ഒരു രാജ്യത്തിനും തങ്ങളുടെ സമ്പദ്‌വ്യവസ്ഥ അടച്ചുപൂട്ടാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ യൂറോപ്യന്‍ പങ്കാളികളില്‍ പലരും റെയര്‍ എര്‍ത്ത് മൂലകങ്ങളും മറ്റ് ഊര്‍ജോത്പന്നങ്ങളും, ഇന്ത്യ വാങ്ങരുതെന്ന് അവര്‍ നിര്‍ദേശിക്കുന്ന രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. അത് അല്‍പ്പം വിചിത്രമായ സംഗതിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

റഷ്യയുമായും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ഇന്ത്യയ്ക്കുള്ള അടുപ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യയുടെ ബന്ധം നിരവധി അളവുകോലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇതിലൊന്ന് നമ്മുടെ ദീര്‍ഘകാല സുരക്ഷാ ബന്ധമാണ്. നമ്മുടെ ചില പാശ്ചാത്യ പങ്കാളികള്‍ നമുക്ക് ആയുധങ്ങള്‍ വില്‍ക്കില്ലായിരുന്നു, മറിച്ച് നമ്മെ ആക്രമിക്കാന്‍ മാത്രം ഉപയോഗിക്കുന്ന നമ്മുടെ അയല്‍പക്ക രാജ്യങ്ങള്‍ക്ക് അവ വില്‍ക്കുമായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ചുറ്റുപാടും മറ്റ് രാജ്യങ്ങള്‍ സ്വന്തം സൗകര്യാര്‍ത്ഥം നിലനിര്‍ത്തുന്ന ബന്ധങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, അവ നമുക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന രാജ്യങ്ങളുമായിട്ടാണ്. വിശ്വസ്തതയുടെ ഒരു ചെറിയ പരീക്ഷണം നടത്താന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു.

Vikram Doraiswami