കോവിഡ് കാലത്തെ സംഭാവന; മോദിക്ക് ഡൊമിനിക്കന്‍ പരമോന്നത പുരസ്‌കാരം

കോവിഡ് 19 പാന്‍ഡമിക് സമയത്ത് കരീബിയന്‍ രാജ്യമായ ഡൊമിനിക്കയ്ക്ക് ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കും രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നത്തിനുമാണ് അംഗീകാരം

author-image
Prana
New Update
pm modi congratulate athlets

കോവിഡ് കാലത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കോവിഡ് 19 പാന്‍ഡമിക് സമയത്ത് കരീബിയന്‍ രാജ്യമായ ഡൊമിനിക്കയ്ക്ക് ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കും രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നത്തിനുമാണ് അംഗീകാരം നല്‍കുന്നത്. നവംബര്‍ 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ്ടൗണില്‍ നടക്കുന്ന ഇന്ത്യ കരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ മോദിക്ക് പുരസ്‌കാരം സമ്മാനിക്കും. ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
2021ല്‍ 70,000 ആസ്ട്രസെനെക്ക വാക്‌സിന്‍ ഡോസുകളാണ് ഡൊമിനിക്കയ്ക്ക് ഇന്ത്യ നല്‍കിയത്.  ഇതിലൂടെ പകര്‍ച്ചാവ്യാധി സമയത്ത് നരേന്ദ്ര മോദി നല്‍കിയ പിന്തുണയെ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയേയും ആഗോള തലത്തില്‍ കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുള്ള സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഡൊമിനിക്കയോടും കരീബിയന്‍ മേഖലയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനുള്ള അംഗീകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ എന്ന് ഡൊമിനിക്കന്‍ പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് പറഞ്ഞു.
അവാര്‍ഡ് വാഗ്ദാനം മോദി സ്വീകരിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഡൊമിനിക്കയുമായും കരീബിയയുമായും പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

covid 19 india award prime minister narendra modi