/kalakaumudi/media/media_files/2025/10/29/trump-2025-10-29-14-56-16.jpg)
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാര്‍ക്കും പാലസ്തീനിയന്‍ അതോറിറ്റി പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. ഇത് കൂടാതെ യുഎസിന്റെ സംസ്‌കാരം, സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ മൂല്യങ്ങള്‍ എന്നിവയെ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുള്ളവരെയും തടയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യപനത്തില്‍ വ്യക്തമാക്കി.
സിറിയയില്‍ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ബഷര്‍ അല്‍-അസ്സാദിന്റെ ഭരണകൂടം വീണതിന് ശേഷം സിറിയയെ അന്താരാഷ്ട്ര തലത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ യുഎസ് നീക്കം നടത്തുന്നതിനിടെയാണ് സംഭവം. പുതിയ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബര്‍ക്കിന ഫാസോ, മാലി, നൈജര്‍, സിയറ ലിയോണെ, സൗത്ത് സുഡാന്‍ എന്നിവയും തെക്കുകിഴക്കന്‍ ഏഷ്യയിലെ ലാവോസും ഉള്‍പ്പെടുന്നു. അതേ സമയം, ഇസ്രയേലിനോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി പലസ്തീനിയന്‍ അനുകൂല നിലപാടെടുത്ത ഫ്രാന്‍സ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം മുഖം തിരിക്കുകയാണ്.
സമീപകാലങ്ങളില്‍ ആഫ്രിക്കന്‍ വംശജരായ കുടിയേറ്റക്കാര്‍രെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ റാലിയില്‍ ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ 'Shithole Countries' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ നോര്‍വേ, സ്വീഡന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിന്നസോട്ടയില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സൊമാലിയക്കാരെ അദ്ദേഹം ''മാലിന്യം'' എന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനു മുമ്പേ സോമാലിയന്‍ പൗരന്മാര്‍ക്ക് യുഎസിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.
അഫ്ഗാനിസ്ഥാന്‍, ചാഡ്, കോണ്‍ഗോ റിപ്പബ്ലിക്, ഇക്വറ്റോറിയല്‍ ഗിനിയ, എരിത്രിയ, ഹൈത്തി, ഇറാന്‍, ലിബിയ, മ്യാന്‍മര്‍, സുഡാന്‍, യെമന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൂര്‍ണ്ണ യാത്രാ വിലക്കില്‍ തുടരും. നൈജീരിയയ്ക്കു പുറമെ അങ്കോള, ആന്റിഗ്വാ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, ഡൊമിനിക്ക, ഗാബോണ്‍, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്വേ എന്നീ രാജ്യങ്ങള്‍ക്കും ഭാഗിക നിയന്ത്രണങ്ങള്‍ ബാധകമാകും. ജനാധിപത്യ പ്രതിബദ്ധതയ്ക്കായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രശംസിച്ചിരുന്ന അങ്കോള, സെനഗല്‍, സാംബിയ തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പാസ്പോര്‍ട്ട് രേഖകളിലെ അപാകതകളും ഉയര്‍ന്ന ക്രൈം റേറ്റും ചില രാജ്യങ്ങളെ വിലക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതായി വൈറ്റ് ഹൗസ് ആരോപിച്ചു. ആദ്യഘട്ടത്തില്‍ ലക്ഷ്യമാക്കിയിരുന്ന തുര്‍ക്ക്‌മെനിസ്ഥാന്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി വൈറ്റ് ഹൗസ് അംഗീകരിച്ചു. ഇതോടെ, മധ്യ- ഏഷ്യന്‍ പൗരന്മാര്‍ക്ക് വീണ്ടും യുഎസ് വിസ ലഭ്യമാകും, എന്നാല്‍ നോണ്‍- ഇമിഗ്രന്റ് വിസകള്‍ക്ക് മാത്രമായിരിക്കും അനുമതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
