ജന്മാവകാശ പൗരത്വ ഉത്തരവിന് സ്‌റ്റേ

ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

author-image
Biju
New Update
ihudv

Donald Trump

വാഷിങ്ടണ്‍: 47-ാമത് പ്രസിഡന്റായി ചുമതലയറ്റ ആദ്യ ആഴ്ചതന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വമ്പന്‍ തിരിച്ചടി. അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ അനുവദിച്ചിരിക്കുകയാമ് കോടതി. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. 

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.

നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഈ ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തില്‍ വരാനിരുന്നത്. 

പുതിയ ഉത്തരവ് പ്രകാരം അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. വര്‍ഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്. 

ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

പതിറ്റാണ്ടുകളോളം പഴക്കമുള്ളതാണ് അമേരിക്കയിലെ ജന്മാവകാശ പൗരത്വം. ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നിരുന്നു. നിയമം വഴി നിലവില്‍ വന്നതും ഭരണഘടനയുടെ ഭാഗവുമായ ഒരു സംവിധാനത്തെ വെറുമൊരു ഉത്തരവിലൂടെ ഇല്ലാതാക്കാനാകില്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഉത്തരവിറക്കാന്‍ പ്രസിഡന്റിന് അധികാരമുള്ളപ്പോഴും അവര്‍ രാജാക്കന്മാരല്ല എന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്.

donald trump