/kalakaumudi/media/media_files/2025/01/30/gHO5WYl0O85YXyq6PrIO.jpg)
donald trump
വാഷിങ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകള്‍ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടു. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ കഴിയുംവിധം തടവറ വിപുലീകരിക്കാന്‍ ആണ് ഉത്തരവ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നല്കുന്ന കണക്ക് അനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിയിലാകുന്നവരെ ആദ്യ ദിവസങ്ങളില്‍ സൈനിക വിമാനത്തില്‍ നാടുകടത്തുകയായിരുന്നു ചെയ്തുവന്നിരുന്നത്.
അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ചിക്കാഗോ, ന്യൂയോര്‍ക്ക്, ഡെന്‍വര്‍, ലോസ് ആഞ്ചല്‍സ് എന്നിവടങ്ങളില്‍ കുടിയേറ്റക്കാര്‍ക്കായി റെയ്ഡുകള്‍ നടന്നിട്ടുണ്ട്. 9/11 ആക്രമണത്തിലെ പ്രതികളെ തടവിലാക്കിയ ജയിലാണ് ഗ്വാണ്ടനാമോ.
30,000 കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാന്‍ വൈറ്റ് ഹൗസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിടിയിലാകുന്നവരില്‍ ചിലര്‍ വളരെ മോശം ആളുകളാണ്. അവരുടെ സ്വന്തം രാജ്യങ്ങള്‍പോലും അവരെ സ്വീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നതെന്നും' ട്രംപ് പറഞ്ഞു. ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബ പ്രതികരിച്ചു.
പിടിയിലാകുന്ന കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്ന് നാടുകടത്തുന്നത് വിലങ്ങണിയിച്ചാണന്ന് ആരോപണമുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരുമായി ബ്രസീലിലെ മനൗസില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന 88 പേരുടെ കൈകളില്‍ വിലങ്ങണിയിച്ചിരുന്നു.
ഇതറിഞ്ഞ ഉടന്‍ കൈവിലങ്ങുകള്‍ നീക്കം ചെയ്യാന്‍ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബ്രസീല്‍ നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ന്ന് അമേരിക്കയെ ബ്രസീല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അമേരിക്കയില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ട്രംപ് ഭരണകൂടം അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങള്‍ പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.