/kalakaumudi/media/media_files/2025/01/22/6g4n8Tn0uKrlhW7SAlOX.jpg)
Donald Trump
വാഷിങ്ടണ്‍: ജോ ബൈഡന്റെ കാലത്ത് അധികാരത്തിലേറിയ എല്ലാ യുഎസ് അറ്റോര്‍ണിമാരെയും പുറത്താക്കാന്‍ താന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്. നീതിന്യായ സംവിധാനത്തിലേക്ക് രാഷ്ട്രീയം കടന്നു കയറുന്ന പ്രവണത വല്ലാതെ വര്‍ധിച്ചുവെന്നും ഇതൊഴിവാക്കാന്‍ അടിയന്തിര നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാലുവര്‍ഷമായി നീതിന്യായ വകുപ്പ് മുമ്പില്ലാത്തവിധം രാഷ്ട്രീയ വത്ക്കരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ബൈഡന്‍ ഇറയിലെ എല്ലാ അറ്റോര്‍ണിമാരെയും പുറത്താക്കാന്‍ ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട് ' എന്ന് ട്രംപിന്റെ കുറിപ്പില്‍ പറയുന്നു. അമേരിക്കയുടെ സുവര്‍ണ കാലഘട്ടത്തിന് ന്യായമായ ഒരു നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കണം.
പെട്ടന്നുതന്നെ അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മുമ്പും യുഎസ് അറ്റോര്‍ണി എന്നറിയപ്പെടുന്ന ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരെ സ്ഥാനത്തുനിന്ന് മാറ്റുന്നത് മാറിവരുന്ന പ്രസിഡന്റുമാരുടെ രീതിയാണ്. രാജ്യത്തെ 94 ഫെഡറല്‍ കോടതികളിലായി 93 അറ്റോര്‍ണിമാരാണുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അധികാരത്തില്‍ വന്നതോടെ ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തവരില്‍ പലരും ഇതിനോടകം സ്വയം രാജിവെച്ചിട്ടുണ്ട്. അധികാരത്തിലേറിയതിന് ശേഷം ട്രംപ് നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും തരംതാഴ്ത്തുകയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.