/kalakaumudi/media/media_files/2025/08/04/trump-2025-08-04-14-57-59.jpg)
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന പ്രസ്താവയ്ക്ക് പിന്നാലെ വീണ്ടും അടുത്ത അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ അഞ്ച് യുദ്ധങ്ങളാണ് താന്‍ അവസാനിപ്പിച്ചതെന്നാണ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഷാര്‍ലമാന്‍ ദ ഗോഡിന് തന്റെ നേട്ടങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞാണ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പട്ടിക നിരത്തിയത്.
'റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മില്‍ 31 വര്‍ഷം നീണ്ട രക്തച്ചൊരിച്ചില്‍ ഉള്‍പ്പെടെ അഞ്ച് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ദശാബ്ദങ്ങള്‍ നീണ്ട കോംഗോ- റുവാണ്ട യുദ്ധത്തില്‍ ഏഴ് ലക്ഷം ആളുകള്‍ മരിച്ചു. ആ യുദ്ധം നിര്‍ത്തിയത് ഞാനാണ്.' ട്രംപ് എഴുതി.
'ഇന്ത്യയെയും പാകിസ്താനെയും കുറിച്ചോ ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയതിനെ കുറിച്ചോ തുറന്ന അതിര്‍ത്തി അടച്ചതിനെക്കുറിച്ചോ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചതിനെക്കുറിച്ചോ ഒന്നും അദ്ദേഹത്തിന് (ഷാര്‍ലമാന്‍ ദ ഗോഡിന്) അറിയില്ല.'
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചതായി ട്രംപ് മുമ്പും പല തവണ അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് സമ്മതിച്ചതായി മെയ് 10-ന് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയവിവാദത്തിന് വഴിവെച്ചു. ട്രംപിന് പ്രധാനമന്ത്രി ഉചിതമായ മറുപടി കൊടുക്കുന്നില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാവുകയും മറുപടിക്കിടെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷം നിര്‍ത്താന്‍ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അതേസമയം, ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ആവശ്യപ്പെട്ടു. തായ്‌ലന്‍ഡ്, കംബോഡിയ, ഇസ്രയേല്‍, ഇറാന്‍, റുവാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്ത്യ, പാകിസ്ഥാന്‍, സെര്‍ബിയ, കൊസോവോ, ഈജിപ്ത്, എത്യോപ്യ തുടങ്ങിയ പ്രദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ ട്രംപ് അവസാനിപ്പിച്ചതായി ലെവിറ്റ് അവകാശപ്പെട്ടു.
പ്രസിഡന്റ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കേണ്ട സമയം എപ്പോഴോ കഴിഞ്ഞു. അധികാരത്തിലിരുന്ന ആറു മാസത്തിനുള്ളില്‍ അദ്ദേഹം ഓരോ മാസവും ഒരു സമാധാന കരാര്‍ ഉണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.