/kalakaumudi/media/media_files/2025/08/29/kamala-2025-08-29-23-00-07.jpg)
വാഷിങ്ടണ്‍: മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സുരക്ഷ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. കമലയ്ക്കു നല്‍കിയിരുന്ന സീക്രെട്ട് സര്‍വീസിന്റെ സുരക്ഷ പിന്‍വലിച്ചതായി വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായിരുന്നു കമല.
കമലയ്ക്ക് സുരക്ഷ നല്‍കുന്ന സീക്രെട്ട് സര്‍വീസ് ഏജന്റുമാരുടെ കാലാവധി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നീട്ടിയിരുന്നു. ഈ തീരുമാനമാണു ട്രംപ് ഭരണകൂടം റദ്ദാക്കിയത്. വൈസ് പ്രസിഡന്റുമാര്‍ പദവി ഒഴിഞ്ഞ ശേഷം ആറു മാസത്തേക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുരക്ഷ ലഭിക്കാറുണ്ടെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമല ഹാരിസ് പദവി ഒഴിയുന്നതിനു മുന്‍പ്, അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ സുരക്ഷാ കാലാവധി 2026 ജനുവരി വരെയാണ് നീട്ടി നല്‍കിയത്.
2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ സുരക്ഷ അവസാനിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് കമല ഹാരിസിനെ കത്തിലൂടെ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രഫഷനലിസം, അര്‍പ്പണബോധം എന്നിവയ്ക്കു കമല നന്ദി പറഞ്ഞു. പുതിയ പുസ്തകമായ '107 ഡേയ്സ്' പുറത്തിറങ്ങാനിരിക്കെയാണ് ഈ നീക്കം. കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്തകം. സെപ്റ്റംബര്‍ 23ന് പുസ്തകം പുറത്തിറങ്ങും. ബൈഡന്‍ മത്സരത്തില്‍ നിന്നു പിന്മാറിയപ്പോഴാണ് കമല ഹാരിസ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ ട്രംപ് ഹാരിസിനെ പരാജയപ്പെടുത്തി.
സുരക്ഷയ്ക്കായി ചുറ്റും നില്‍ക്കുന്ന ഉദ്യോഗസ്ഥരെ മാത്രമല്ല കമലയ്ക്ക് നഷ്ടമാകുന്നത്. സുരക്ഷാ ഭീഷണികള്‍ ദിവസേന അവലോകനം ചെയ്യുന്നതും, നേരിട്ടുണ്ടായേക്കാവുന്ന അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതും, ഇ മെയിലുകള്‍ സമൂഹമാധ്യമങ്ങള്‍ എന്നിവയിലെ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതും ഇതോടെ നിലയ്ക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണത്തിലായിരുന്ന ഹാരിസിന്റെ ലോസ് ഏഞ്ചല്‍സിലെ വീടിന് ഇനി മുതല്‍ സര്‍ക്കാര്‍ സുരക്ഷ ലഭിക്കില്ല. സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കേണ്ടിവരും.