പുടിനെ പിടികൂടാന്‍ സൈന്യത്തെ അയക്കുമോ? മറുപടി പറഞ്ഞ് ട്രംപ്

ഇതിന്റെ ആവശ്യമില്ലെന്നും പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു. അതേസമയം യുക്രെയ്ന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ട്രംപ് കടുത്ത നിരാശ രേഖപ്പെടുത്തി.

author-image
Biju
New Update
TVP

വാഷിങ്ടണ്‍: വെനസ്വേലയിലേത് പോലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ പിടികൂടാന്‍ സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .

ഇതിന്റെ ആവശ്യമില്ലെന്നും പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു. അതേസമയം യുക്രെയ്ന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ട്രംപ് കടുത്ത നിരാശ രേഖപ്പെടുത്തി.

മഡുറോയുടെ അറസ്റ്റിനു പിന്നാലെ, അടുത്തത് പുട്ടിനായിരിക്കുമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

'' അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല. പുടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അത് തുടരുമെന്നാണ് ഞാന്‍ കരുതുന്നത്'' ട്രംപ് പറഞ്ഞു. യുഎസ് എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

യുക്രെയ്ന്‍ - റഷ്യ യുദ്ധത്തില്‍ തനിക്ക് വലിയ നിരാശയുണ്ട്. താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതും എളുപ്പമുള്ള ഒന്നായിരിക്കുമെന്നാണ് കരുതിയതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം 31,000 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ ഭൂരിഭാഗവും റഷ്യന്‍ സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യയുടെ സാമ്പത്തിക നില മോശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മഡുറോയെ പിടികൂടിയ ശേഷം 'ഏകാധിപതികളെ പിടികൂടുന്ന കാര്യത്തില്‍ യുഎസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം' എന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു.