ട്രംപ് - മംദാനി കൂടിക്കാഴ്ച, ഉറ്റുനോക്കി ലോകം

വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ അദ്ദേഹം തന്നെ സന്ദര്‍ശിക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ബുധനാഴ്ച അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ട്രംപ് അറിയിച്ചു

author-image
Biju
New Update
mamdani 2

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനി വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മംദാനി ആവശ്യപ്പെട്ടതു പ്രകാരം, വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ അദ്ദേഹം തന്നെ സന്ദര്‍ശിക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ബുധനാഴ്ച അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ട്രംപ് അറിയിച്ചു.

'ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍, സൊഹ്റാന്‍ 'ക്വാമെ' മംദാനി, ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൂടിക്കാഴ്ച നവംബര്‍ 21 വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് നടത്താന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും!' - ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. മംദാനിയുടെ നയങ്ങളെ വിമര്‍ശിച്ചിരുന്ന ട്രംപ്, നവംബര്‍ നാലിലെ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം മംദാനിയുടെ വിജയം ന്യൂയോര്‍ക്ക് സിറ്റിക്ക് സമ്പൂര്‍ണ സാമ്പത്തിക-സാമൂഹിക ദുരിതം ആയിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തന്റെ വിജയപ്രസംഗത്തില്‍ മംദാനി, ട്രംപിനേയും അദ്ദേഹത്തിന്റെ പുതുക്കിയ കുടിയേറ്റ നിയന്ത്രണങ്ങളേയും വെല്ലുവിളിച്ചു. ന്യൂയോര്‍ക്കിനെ ശക്തിപ്പെടുത്തുന്നത് കുടിയേറ്റക്കാരായിരിക്കുമെന്നും ഇപ്പോള്‍ ഒരു കുടിയേറ്റക്കാരന്‍ നയിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യക്കാരനും മുസ്ലിമുമായ മംദാനി, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലിവയേയും വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ട്രംപ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ആന്‍ഡ്രൂ ക്വോമോയേയും പരാജയപ്പെടുത്തിയാണ് മേയറായത്.