കൊളംബിയയില്‍ സൈനിക നടപടിക്ക് തയ്യാര്‍; ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്

'കൊളംബിയ ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണ്. മയക്കുമരുന്ന് നിര്‍മ്മാണവും അമേരിക്കയിലേക്കുള്ള അതിന്റെ കടത്തും ഇഷ്ടപ്പെടുന്ന ഒരാളാണ് ആ രാജ്യം ഭരിക്കുന്നത്,' ട്രംപ് ആരോപിച്ചു.

author-image
Biju
New Update
trump

വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളംബിയക്കെതിരായ പുതിയ സൈനിക ഓപ്പറേഷനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത് 'നല്ല കാര്യമായി തോന്നുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. 'കൊളംബിയ ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണ്. മയക്കുമരുന്ന് നിര്‍മ്മാണവും അമേരിക്കയിലേക്കുള്ള അതിന്റെ കടത്തും ഇഷ്ടപ്പെടുന്ന ഒരാളാണ് ആ രാജ്യം ഭരിക്കുന്നത്,' ട്രംപ് ആരോപിച്ചു. മയക്കുമരുന്ന് മാഫിയക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി മെക്‌സിക്കോയിലേക്കും കൊളംബിയയിലേക്കും സൈനിക ഓപ്പറേഷന്‍ വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാനായി നടത്തിയ സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെയാണ് കൊളംബിയക്കെതിരെയും കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന സൂചന ട്രംപ് നല്‍കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഈ പ്രസ്താവന വഴിവെച്ചിട്ടുണ്ട്. കൊളംബിയയില്‍ യുഎസ് സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ച് നേരിട്ട് ചോദിച്ചപ്പോഴാണ് 'അതെനിക്ക് നല്ല കാര്യമായി തോന്നുന്നു' എന്ന് ട്രംപ് ആവര്‍ത്തിച്ചത്.

അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സമാനമായ വിഷയത്തില്‍ ഇതിനുമുമ്പ് പ്രതികരിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉണ്ടാവൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ പുതിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമായേക്കും.