/kalakaumudi/media/media_files/2025/01/20/dtWh626WHcLVJ0pEUTLB.jpg)
trump
വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിഞ്ജ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 10.30ന് ക്യാപിറ്റോള്‍ മന്ദിരത്തിലാകും അധികരമേല്‍ക്കുക. ചടങ്ങില്‍ 500,000 ആളുകള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ലോക നേതാക്കളും വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനുളളിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രംപ് ക്ഷണിക്കാത്തവരുടെ വിവരങ്ങളാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. അടുത്ത സൗഹൃദമുണ്ടായിട്ടും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്.
യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതേ സമയം തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ നൈജല്‍ ഫാരാജ് ചടങ്ങില്‍ പങ്കെടുക്കും.
യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ജര്‍മ്മനി പ്രസിഡന്റ് ഒലാഫ് ഷോള്‍സ്, എന്നിവരെയും ട്രംപ് ക്ഷണിച്ചിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലയെന്നും പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആയിരിക്കും ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കമലാ ഹാരിസ്, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിന്‍ണ്‍, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, അര്‍ജന്റീനന്‍ പ്രസിഡന്റ് ഹാവിയര്‍ മിലി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഓര്‍ബന്‍, ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നൊബോവ, എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ, മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോള്‍ മന്ദിരത്തില്‍ വച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.