വാഷിങ്ടന്‍: യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ കടുത്ത ഉത്തരവുകളുമായി ഡോണള്‍ഡ് ട്രംപ്. ലോകാരോഗ്യസംഘടനയില്‍നിന്നും പാരിസ് ഉടമ്പടിയില്‍നിന്നും യുഎസ് പിന്‍മാറി. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി.ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യ പ്രസംഗത്തില്‍ തന്നെ, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ അമേരിക്കന്‍മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ്, പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പ്രാബല്യത്തിലായി. ബൈഡന്റെ കാലത്ത് എല്‍ജിബിടിക്യു വിഭാഗങ്ങളോടുള്ള തുറന്ന സമീപനങ്ങളെ തള്ളിയ ട്രംപ്, അമേരിക്കയില്‍ ആണും പെണ്ണും എന്നിങ്ങനെ രണ്ടു വര്‍ഗം മാത്രമേയുള്ളൂവെന്നു വ്യക്തമാക്കി.ക്യൂബയെ ഭീകരരാഷ്ട്രപദവിയില്‍നിന്നു പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. അതേസമയം, യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക്ടോക്കിനു നിയമപരമായി പ്രവര്‍ത്തിക്കാന്‍ ട്രംപ് 75 ദിവസത്തെ സാവകാശം അനുവദിച്ചു. ടിക്ടോക് ഏറ്റെടുക്കാന്‍ അമേരിക്കയില്‍നിന്ന് ഉടമസ്ഥനെ കണ്ടെത്തണമെന്നാണു നിര്‍ദേശം. ചൈനയുടെ ഉടമസ്ഥതയില്‍നിന്നു മാറിയാല്‍ നിരോധനം പിന്‍വലിക്കുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കയുടെ സുവര്‍ണകാലഘട്ടം തുടങ്ങിയെന്നാണ് സത്യപ്രതിജ്ഞയ്ക്കു പിന്നാലെയുള്ള പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്. അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കും, നീതിപൂര്‍വമായ ഭരണം നടപ്പാക്കുമെന്നും ട്രംപ് കാപിറ്റോളില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ വിമോചനദിനമാണിതെന്ന് പ്രഖ്യാപിച്ച ട്രംപ് ബൈഡന്‍ ഭരണത്തെയും ശക്തമായി വിമര്‍ശിച്ചു.
കുതിച്ചുകയറി ട്രംപ് കോയിന്‍
അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പായി സ്വന്തം ക്രിപ്‌റ്റോ ടോക്കണ്‍ പുറത്തിറക്കിയാണ് ട്രംപ് ഞെട്ടിച്ചത്. ട്രംപിന്റെ ആസ്തിയുടെ വലിയൊരു ഭാഗം മീം കോയിനായ ട്രംപ് കോയിനിലൂടെയാണ്. പ്രസിഡന്റായി ചുതമലയേല്‍ക്കുന്നതിന് മുന്‍പ് വെള്ളിയാഴ്ചയാണ് ട്രംപ് ട്രംപ് എന്ന പേരില്‍ ക്രിപ്‌റ്റോ ടോക്കണ്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിന്റെ വിപണി മൂല്യം 10 ബില്യണ്‍ ഡോളറിലധികമായാണ് വര്‍ധിച്ചത്. ഞായറാഴ്ച 10 ഡോളറിന് താഴെയായിരുന്ന കോയിന്റെ മൂല്യം 74.59 ഡോളറിലേക്കാണ് തിങ്കളാഴ്ച കുതിച്ചത്. ട്രംപിന് പിന്നാലെ മെലാനിയ ട്രംപും സ്വന്തം പേരില്‍ കോയിന്‍ പുറത്തിറക്കിയിട്ടുണ്ട്. ട്രംപിന്റെ ക്രിപ്‌റ്റോ അനുകൂല സമീപനം ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്കോയിനിലും നേട്ടമുണ്ടാക്കി. 1,09,071 ഡോളറിലേക്ക് ഉയര്‍ന്ന് ബിറ്റ്കോയിന്‍ പുതിയ ഉയരം കുറിച്ചു.