മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനിക വിന്യാസവുമായി ട്രംപ്

ട്രംപിന്റെ ആദ്യദിന നടപടിയുടെ ഭാഗമാണിതെന്നു വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. 10,000 സൈനികരെ വരെ അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നതിനെപ്പറ്റി അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

author-image
Biju
New Update
iuhdifu

donald trump

വാഷിങ്ടന്‍: യുഎസില്‍ കുടിയേറ്റവിരുദ്ധ നടപടികള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 1500 സൈനികരെ കൂടി അയയ്ക്കുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു. കുടിയേറ്റം നിയന്ത്രിക്കാന്‍ ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ട് 2 ദിവസത്തിനു ശേഷമാണു നടപടി.

500 മറീനുകള്‍, സൈന്യത്തിലെ ഹെലികോപ്റ്റര്‍  ഇന്റലിജന്‍സ് വിശകലന വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നത്. നിലവില്‍ അതിര്‍ത്തിയിലുള്ള 2200 സൈനികര്‍ക്കും ആയിരത്തിലേറെ നാഷനല്‍ ഗാര്‍ഡുകള്‍ക്കും ഒപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുക. തന്റെ ആദ്യ ഭരണകാലത്ത് മെക്‌സിക്കോ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ 5200 സൈനികരെയാണു ട്രംപ് വിന്യസിച്ചത്. മുന്‍ പ്രസിഡന്റ് ജോ ബൈഡനും സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.

ട്രംപിന്റെ ആദ്യദിന നടപടിയുടെ ഭാഗമാണിതെന്നു വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. 10,000 സൈനികരെ വരെ അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നതിനെപ്പറ്റി അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ഇതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. യുഎസില്‍ കസ്റ്റഡിയിലുള്ള 5000ത്തിലധികം അനധികൃത കുടിയേറ്റക്കാരെ മറ്റിടങ്ങളിലേക്കു മാറ്റാന്‍ സൈന്യം സഹായിക്കുമെന്ന് ആക്ടിങ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് സെയില്‍സ്സസ് പറഞ്ഞു.

donald trump