/kalakaumudi/media/media_files/2025/02/06/lOrjgGmr2WNCn2ZO9vYT.jpg)
Rep.Img
വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് യു എസ് കോടതി വീണ്ടും തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ഭരണഘടനാലംഘനമെന്ന് ചൂണ്ടികാട്ടിക്കൊണ്ടാണ് കോടതി ഇത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്.
നിയമവിരുദ്ധമായി താമസിക്കുന്ന മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന് ഫെഡറല്‍ ജഡ്ജി രണ്ടാമത്തെ തവണയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
യുഎസില്‍ ജനിച്ചവരോ പൗരത്വം നേടിയവരോ ആയ എല്ലാ വ്യക്തികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന പതിനാലാം ഭേദഗതിയെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാഖ്യാനത്തെ രാജ്യത്തെ ഒരു കോടതിയും പിന്തുണച്ചിട്ടില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ഡെബോറ ബോര്‍ഡ്മാന്‍ നിരീക്ഷിച്ചു.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ പ്രഖ്യാപിച്ച നയം കടുത്ത എതിര്‍പ്പാണ് സൃഷ്ടിച്ചത്. എക്‌സിക്യൂട്ടീവ് നടപടി തടയാന്‍ 22 സംസ്ഥാനങ്ങളും നിരവധി സംഘടനകളും കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.
കുടിയേറ്റ-അവകാശ സംഘടനകളും ഒരു കൂട്ടം ഗര്‍ഭിണികളായ സ്ത്രീകളും ചേര്‍ന്നാണ് നിയമാപോരാട്ടം നടത്തുന്നത്. ജന്മാവകാശ പൗരത്വം യുഎസ് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും 1868-ല്‍ പതിനാലാം ഭേദഗതി അംഗീകരിച്ചതിനുശേഷം, പ്രത്യേകിച്ച് ആഭ്യന്തരയുദ്ധത്തിന് ശേഷം അത് രാജ്യത്തിന്റെ നിയമങ്ങളില്‍ അവിഭാജ്യമാണെന്നും അവര്‍ വാദിക്കുന്നു.
പൗരന്മാരല്ലാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ യുഎസിന്റെ അധികാരപരിധിക്ക് വിധേയരല്ല എന്നും അതിനാല്‍ പൗരത്വത്തിന് അര്‍ഹതയില്ല എന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വാദമാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. എന്നാല്‍ അവരുടെ മാതാപിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ, യുഎസ് മണ്ണില്‍ ജനിച്ച എല്ലാ ആളുകള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്നുവെന്ന് ഉത്തരവിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.
'ഇന്ന്, യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ തന്നെ ഒരു യുഎസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീര്‍പ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും,' ഫെഡറല്‍ ജഡ്ജി ഡെബോറ ബോര്‍ഡ്മാന്‍ പറഞ്ഞു.