ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഹിന്ദിയില്‍ നന്ദി അറിയിച്ച് ശൈഖ് ഹംദാന്‍

ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന്‍ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുന്നതിനുള്ള വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു

author-image
Biju
New Update
hgf

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിച്ച് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ശൈഖ് ഹംദാന്‍ ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചത്. 

'ഇന്ത്യ സന്ദര്‍ശനം അവസാനിപ്പിക്കുമ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സര്‍ക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അവരുടെ ഈഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യ മര്യാദയ്ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്'- ശൈഖ് ഹംദാന്‍ കുറിച്ചു.

'യുഎഇയും ഇന്ത്യയും തമ്മിലുള്ള നാഗരിക ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. നമ്മുടെ പൊതുവായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ജനങ്ങളുടെ പരസ്പര താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ന് നമുക്ക് ഒരു ശോഭനമായ ഭാവി പ്രതീക്ഷിക്കാം. 

അബുദാബിയില്‍ നിന്ന് ദില്ലി വരെയും ദുബൈയില്‍ നിന്ന് മുംബൈ വരെയും പൊതു അഭിലാഷത്തിനാലും ധീരമായ കാഴ്ചപ്പാടിനാലും നയിക്കപ്പെടുന്ന അതിരുകള്‍ക്കപ്പുറമുള്ള ആഗോള പങ്കാളിത്തത്തിന്റെ ഒരു പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ട് സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശാശ്വതമായ പാലങ്ങള്‍ ഞങ്ങള്‍ നിര്‍മിക്കുകയാണ്, വിജയകരമായ ആഗോള പങ്കാളിത്തത്തിന് അളവുകോല്‍ സ്ഥാപിക്കുകയാണ്'- ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന് ഊഷ്മളമായ വരവേല്‍പ്പായിരുന്നു ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ശൈഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

india uae relations