/kalakaumudi/media/media_files/2025/04/07/k2kH9pPZ5jcgzO5R0cbd.jpg)
ന്യൂഡല്‍ഹി: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമാണ് ശൈഖ് ഹംദാന്‍ ഇന്ത്യയിലെത്തുന്നത്. ദുബൈ കിരീടാവകാശി എന്ന നിലയില്‍ ഇന്ത്യയിലേക്കുള്ള ഹംദാന്റെ ആദ്യ ഔദ്യോ?ഗിക സന്ദര്‍ശനമാണിത്.
ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനും വിവിധ തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ആരായുന്നതിനായി മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കള്‍ പങ്കെടുക്കുന്ന ബിസിനസ് വട്ടമേശ സമ്മേളനത്തിലും ശൈഖ് ഹംദാന്‍ പങ്കെടുക്കും. നാളെ ശൈഖ് ഹംദാന് ഔദ്യോഗിക ഉച്ചഭക്ഷണ വിരുന്ന് മോദി ഒരുക്കിയിട്ടുണ്ട്. ദ്വിദിന സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഇദ്ദേഹം മുംബൈ സന്ദര്‍ശിക്കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. സെപ്റ്റംബര്‍ 9ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹം രാജ്ഘട്ടും സന്ദര്‍ശിച്ചിരുന്നു.