ദുബായ് : 'ഡിവോഴ്‌സ്' എന്ന പേരില്‍ പുതിയ പെര്‍ഫ്യൂം അവതരിപ്പിച്ച് ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ. കഴിഞ്ഞ ജൂലൈയിലാണ് രാജകുമാരി വിവാഹമോചിതയായത്. ഭര്‍ത്താവ് ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍മക്തൂമുമായി വേര്‍പിരിയുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഷെയ്ഖ് മഹ്‌റ അറിയിച്ചിരുന്നു.
തന്റെ ബ്രാന്‍ഡായ 'മഹ്‌റ എം1'-ന് കീഴിലാണ് ഷെയ്ഖ മഹ്‌റ പുതിയ ഉത്പന്നം പുറത്തിറക്കിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള പെര്‍ഫ്യൂം കുപ്പിയില്‍ വെള്ള നിറത്തിലാണ് ഡിവോഴ്‌സ് എന്നെഴുതിയിരിക്കുന്നത്. ഇതിനൊപ്പം ബ്രാന്‍ഡിന്റെ ലോഗോയുമുണ്ട്. പുതിയ തുടക്കത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
2023 ജൂണിലായിരുന്നു ഷെയ്ഖ് മഹറയും വ്യവസായിയായ ഷയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍മക്തൂമും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ മെയില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞിനെ വരവേറ്റ് രണ്ട് മാസങ്ങള്‍ക്കുശേഷം മഹ്‌റ സോഷ്യല്‍ മീഡിയയിലൂടെ വിവാമോചന വാര്‍ത്ത പങ്കുവെയ്ക്കുകയായിരുന്നു.
'പ്രിയപ്പെട്ട ഭര്‍ത്താവിനായി, നിങ്ങള്‍ മറ്റ് സുഹൃത്തുക്കളുമായി തിരക്കിലായതിനാല്‍, നമ്മുടെ വിവാഹമോചനം ഞാന്‍ ഇവിടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. എന്ന് നിങ്ങളുടെ മുന്‍ഭാര്യ'- എന്നാണ് ഷെയ്ഖ് മഹ്‌റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷെയ്ഖ മഹ്‌റ. ഗ്രീസില്‍ നിന്നുള്ള സോ ഗ്രിഗോറക്കോസാണ് മാതാവ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഗ്രിഗോറക്കോസും നിലവില്‍ വിവാഹമോചിതരാണ്.