/kalakaumudi/media/media_files/2025/10/20/boing-2025-10-20-19-13-22.jpg)
ലൊസാഞ്ചലസ്: യുണൈറ്റഡ് എയര്‍ലൈന്‍ ബോയിങ് 737 മാക്‌സ് 8 വിമാനം വിന്‍ഡ് ഷീല്‍ഡ് തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഡെന്‍വറില്‍ നിന്ന് ലൊസാഞ്ചലസിലേയ്ക്ക് പറന്നുയര്‍ന്ന വിമാനമാണ് അടിയന്തരമായി സാള്‍ട്ട് ലേക്ക് സിറ്റിയില്‍ ലാന്‍ഡ് ചെയ്തത്. അപകടത്തില്‍ പൈലറ്റിന് പരുക്കേറ്റു. 134 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. 36,000 അടി ഉയരത്തില്‍ എത്തിയപ്പോള്‍ വിമാനത്തില്‍ അജ്ഞാത വസ്തു ഇടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാത വസ്തു വിന്‍ഡ് ഷീല്‍ഡിലൂടെ ഇടിച്ചു കയറി പൈലറ്റിന് പരുക്കേല്‍ക്കുകയും ചെയ്തു. കൈകളില്‍ നിന്ന് രക്തം പൊടിയുന്ന പൈലറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡാഷ്ബോര്‍ഡിലും കോക്ക്പിറ്റിലും തകര്‍ന്ന ഗ്ലാസ് വീണു കിടക്കുന്നതും ചിത്രങ്ങളില്‍ കാണാം. അപകടകാരണം വ്യക്തമല്ല.
യാത്രക്കാര്‍ക്ക് ലൊസാഞ്ചല്‍സിലേയ്ക്ക് പോകാനായി മറ്റൊരു വിമാനം ഏര്‍പ്പാടു ചെയ്‌തെന്നും വിമാനത്തിന്റെ കേടുപാടുകള്‍ പരിശോധിക്കുകയാണെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. പൈലറ്റിന്റെ പരുക്ക് നിസാരമാണെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.