ഭൂകമ്പം വലിയ നാശമാണ് ടിബറ്റില്‍ വിതച്ചത്.ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഭൂകമ്പം അനുഭവപ്പെട്ട് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മരണസഖ്യം 126 ആയി.മരണസഖ്യ ഇനിയും ഉയര്‍ന്നേക്കും.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഹിമാലയത്തിന്റെ താഴ്വരയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ കുടുങ്ങിയപ്പോയ 400-ലധികം പേരെ രക്ഷപ്പെടുത്തിയതായി ചൈനീസ് അധികൃതര്‍ അറിയിച്ചു.തിരച്ചില്‍ ബുധനാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍, 30,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു.
ജനുവരി 7 ചൊവ്വാഴ്ചയുണ്ടായ, 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ചൈനയുടെ ടിബറ്റന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ടിന്‍ഗ്രിയാണ്.അടുത്ത കാലത്ത് ഏറ്റവും ശക്തമായ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ട മേഖലകളില്‍ ഒന്നാണിത്.ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ ഹിമാലയത്തിന്റെ വടക്ക് 80 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.സമീപ രാജ്യങ്ങളായ നേപ്പാള്‍,ഭൂട്ടാന്‍,ഇന്ത്യ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.
ടിബറ്റിലെ ഷിഗാറ്റ്‌സെ മേഖലയില്‍ 3,609 വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം.പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ചൊവ്വാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഷിഗാറ്റ്‌സെയില്‍ എട്ടു ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്.ദുരന്ത ബാധിതരെ സഹായിക്കാനായി 500-ലധികം രക്ഷാപ്രവര്‍ത്തകരെയും 106 ആംബുലന്‍സുകളെയും ഇവിടേക്ക് അയച്ചിട്ടുണ്ട്.ടിബറ്റന്‍ ഭാഗത്ത് 126 പേര്‍ കൊല്ലപ്പെടുകയും 188 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.നേപ്പാളിലോ മറ്റിടങ്ങളിലോ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉയര്‍ന്ന പ്രദേശത്തെ താപനില ഒറ്റരാത്രി കൊണ്ട് മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.ഇത് ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ടവരുടെ ദുരിതം വര്‍ധിപ്പിച്ചിട്ടുണ്ട്.ചൊവ്വാഴ്ച വൈകുന്നേരത്തോടെ ടെന്റുകള്‍, ഭക്ഷണസാധനങ്ങള്‍,ഇലക്ട്രിക്കല്‍ ജനറേറ്ററുകള്‍,മറ്റ് സാധനങ്ങള്‍ എന്നിവ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു.ഭൂകമ്പത്തില്‍ തകര്‍ന്ന റോഡുകള്‍ വീണ്ടും ഗതാഗതത്തിനായി തുറന്നതായും സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച രാവിലെ 8 മണി വരെ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ 500 ലധികം തുടര്‍ചലനങ്ങള്‍ ഉണ്ടായതായി ചൈന ഭൂകമ്പ നെറ്റ്വര്‍ക്ക് സെന്റര്‍ അറിയിച്ചു.സിചുവാന്‍ പ്രവിശ്യയിലെ ഭൂകമ്പ ബ്യൂറോയുടെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ,ചൊവ്വാഴ്ചത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് 200 കിലോമീറ്ററിനുള്ളില്‍ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2008-ല്‍ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിച്ചുവാനിലെ ചെങ്ഡുവില്‍ ഉണ്ടായപ്പോൾ കുറഞ്ഞത് 70,000 പേരുടെ ജീവന്‍ ദുരന്തം അപഹരിച്ചു.242,000 പേരുടെ മരണത്തിനിടയാക്കിയ 1976-ലെ താങ്ഷാന്‍ ഭൂകമ്പത്തിന് ശേഷം ചൈനയിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 149 പേരുടെ ജീവന്‍ അപഹരിച്ച 6.2 തീവ്രത രേഖപ്പെടുത്തിയ 2023-ലെ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ചൊവ്വാഴ്ചയുണ്ടായത്.