/kalakaumudi/media/media_files/2025/07/01/trumpsdg-2025-07-01-21-55-40.jpg)
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും തമ്മില്‍ വീണ്ടും പോര്. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ വിമര്‍ശനം ഉന്നയിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇതിന് മറുപടിയുമായി ട്രംപും രംഗത്തുവന്നുതോടെയാണ് ഇടവേളയ്ക്ക് ശേഷം രംഗം വീണ്ടൂം ചൂടുപിടിച്ചത്.
ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നുമാണ് മസ്‌കിന്റെ വെല്ലുവിളി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' നടപ്പിലാക്കുന്നതിനെതിരെ ഇലോണ്‍ മസ്‌ക് പലപ്പോഴായി രംഗത്തുവന്നിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ബില്ലാണിതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നു കഴിഞ്ഞതാണ്. ജനപ്രിയമല്ലാത്ത ഈ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്ന് പ്രത്യക്ഷ വെല്ലുവിളി നടത്തിയിരിക്കുകയാണ് ഇപ്പോള്‍ മസ്‌ക്.
അതിനിടെ ഇലോണ്‍ മസ്‌കിനെ നാടുകടത്തുമോയെന്ന ചോദ്യങ്ങളെ തള്ളിക്കളയാതെയായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ മറുപടി. ഇതിനെ കുറിച്ച് ഒരു പരിശോധന നടത്തേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, അമേരിക്കന്‍ പൗരനാണെങ്കിലും ഇലോണ്‍ മസ്‌ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെന്നും പറഞ്ഞു. ഫ്‌ളോറിഡയിലേക്കുള്ള യാത്രയ്ക്കു മുന്‍പായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മസ്‌കിനെ നാടുകടത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന് ട്രംപിന്റെ പ്രതികരണം ഇങ്ങനെ: ''എനിക്കറിയില്ല. നമുക്ക് ഒന്നു നോക്കേണ്ടി വരും. ഇലോണിനെ 'ഡോജി'ന് നല്‍കേണ്ടി വന്നേക്കാം. ഡോജ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അതിന്റെ തലപ്പത്ത് ഇരുന്ന ആളിനെ തന്നെ തിന്നുന്ന ഒരു ഭീകരജീവിയാണ് ഡോജ്. 'ഇവി മാന്‍ഡേറ്റ്' ബില്ലില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഇലോണ്‍ കരുതിയിരുന്നത്. ആര്‍ക്ക് വേണം ഇലക്ട്രിക്ക് കാറുകള്‍. എനിക്ക് ഇല്ക്ട്രിക്ക് കാര്‍ ആവശ്യമില്ല. എനിക്ക് ഗാസൊലീന്‍ കാറുകളാണ് ഇഷ്ടം. ചിലപ്പോള്‍ ഹൈബ്രിഡ് കാറുകള്‍ ഉപയോഗിച്ചേക്കാം. അല്ലെങ്കില്‍ ഹൈഡ്രജന്‍ കാറുകള്‍ ആയിരിക്കാം.'' ട്രംപ് പറഞ്ഞു. ട്രംപിന്റെ ബില്ല് തീര്‍ത്തും ഭ്രാന്താണെന്നും രാഷ്ട്രീയ ആത്മഹത്യയാണെന്നുമായിരുന്നു നേരത്തെ ഇലോണ്‍ മസ്‌ക് വിശേഷിപ്പിച്ചത്.
ഇലോണ്‍ മസ്‌ക് ദക്ഷിണാഫ്രിക്കന്‍ വംശജനാണെന്ന് സൂചിപ്പിച്ച ട്രംപ്, ഇലോണ്‍ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ''ഇലോണ്‍ മസ്‌ക് എന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. എന്നാല്‍ അതിനും എത്രയോ മുന്‍പ് തന്നെ, ഞാന്‍ വൈദ്യുതി കാറുകള്‍ നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ആളാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബില്ലിനെ എതിര്‍ക്കുന്നത് പരിഹാസ്യമാണ്. എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ഈ ബില്ലിനെ കുറിച്ചുള്ള വാഗ്ദാനം.'' ട്രംപ് പറഞ്ഞു.