/kalakaumudi/media/media_files/2025/09/24/erol-musk-2025-09-24-10-05-29.jpg)
വാഷിങ്ടണ്‍: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌കിനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്ത പുറത്തുവന്നു. 1993 മുതല്‍ തന്റെ അഞ്ച് മക്കളെയും പങ്കാളിയുടെ കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് കാരണമാകാം ഇലോണ്‍ മസ്‌ക് തന്റെ പിതാവിനെക്കുറിച്ച് അധികം സംസാരിക്കാത്തതെന്നും വിഷയത്തില്‍ കുടുംബാംഗങ്ങള്‍ സഹായം തേടി ഇലോണ്‍ സമീപിക്കാറുണ്ടെന്നും പലപ്പോഴും പ്രശ്നങ്ങളില്‍ മസ്‌ക് ഇടപെടാറുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തി.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെ എറോള്‍ മസ്‌ക് തള്ളിക്കളഞ്ഞു. പൂര്‍ണ്ണ അസംബന്ധം എന്നാണ് ആരോപണങ്ങളെക്കുറിച്ച് എറോള്‍ മസ്‌ക് പ്രതികരിച്ചത്. തനിക്കെതിരെ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ കുട്ടികളെ തെറ്റായ കാര്യങ്ങള്‍ പറയാന്‍ പഠിപ്പിക്കുകയാണെന്നും എറോള്‍ മസ്‌ക് പ്രതികരിച്ചു.
79കാരനായ എറോള്‍ മസ്‌കിന് മൂന്ന് വിവാഹത്തില്‍ ഒന്‍പത് കുട്ടികളുണ്ട്. ഈ കുടുംബങ്ങളില്‍ എറോള്‍ മസ്‌കിന് ശക്തമായ സ്വാധീനമുണ്ടെന്നും തങ്ങള്‍ക്ക് ലഭിച്ച വ്യക്തിപരമായ കത്തുകളും ഇമെയിലുകളും കുടുംബാംഗങ്ങളുമായുള്ള അഭിമുഖങ്ങളും അത് വ്യക്തമാക്കുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി രേഖകള്‍, കത്തുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായി സംസാരിച്ചതില്‍ നിന്ന് 1993 ലാണ് എറോള്‍ മസ്‌കിനെതിരെയുള്ള ആദ്യ ആരോപണം ഉണ്ടായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തി. നാല് വയസ്സുള്ള വളര്‍ത്തുമകള്‍, എറോള്‍ മസ്‌ക് തന്നെ വീട്ടില്‍ വെച്ച് ഉപദ്രവിച്ചു എന്ന് ബന്ധുക്കളോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്ത് വര്‍ഷത്തിനു ശേഷം തന്റെ അടിവസ്ത്രങ്ങള്‍ എറോള്‍ എടുക്കുന്നത് കണ്ടുവെന്നും പങ്കാളിയുടെ മകള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. രണ്ട് മക്കളെയും ഒരു വളര്‍ത്തുമകനെയും ഉപദ്രവിച്ചുവെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
പൊലീസ്, കോടതി രേഖകള്‍, കുടുംബാംഗങ്ങളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തില്‍ മൂന്ന് പൊലീസ് അന്വേഷണങ്ങള്‍ ഈ വിഷയത്തില്‍ ആരംഭിച്ചു. അതില്‍ രണ്ട് അന്വേഷണങ്ങള്‍ നടപടികളില്ലാതെ അവസാനിച്ചുവെന്നും മൂന്നാമത്തേതിന്റെ അവസ്ഥ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അപൂര്‍വമായി മാത്രം തന്റെ പിതാവിനെക്കുറിച്ച് സംസാരിക്കുന്ന ഇലോണ്‍ മസ്‌ക് പിതാവുമായി തനിക്കുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പിതാവ് മനസ്സില്‍ തോന്നാവുന്ന എല്ലാ ദുഷ്ടകാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് 2017-ല്‍ റോളിംഗ് സ്റ്റോണ്‍ മാസികയോട് മസ്‌ക് പറഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
