പാകിസ്ഥാന് ബാലിസ്റ്റിക് മിസൈല്‍ ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയുടെ ഉപരോധം

പാകിസ്ഥാന് ബാലിസ്റ്റിക് മിസൈല്‍ ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയുടെ ഉപരോധം

author-image
Sukumaran Mani
New Update
Pak missile

Pak missile

Listen to this article
0.75x1x1.5x
00:00/ 00:00

പാകിസ്ഥാന് ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ സാങ്കേതികവിദ്യ കൈമാറിയ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. മൂന്ന് ചൈനീസ് കമ്പനികള്‍ക്കും ബെലാറസ് ആസ്ഥാനമായുള്ള സ്ഥാപനത്തിനുമാണ് ഉപരോധമേര്‍പ്പെടുത്തിയത്.

നേരത്തെയും പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും നല്‍കിയ മൂന്നു ചൈനീസ് കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആഗോള കൂട്ടനശീകരണ ആയുധ നിര്‍വ്യാപനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അന്ന് വ്യക്തമാക്കിയിരുന്നത്. പാകിസ്ഥാന്‍ അബാബീല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഉപരോധം. പാകിസ്ഥാന്റെ സൈനിക നവീകരണ പരിപാടിക്ക് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും പ്രധാനമായും വിതരണം ചെയ്യുന്നത് ചൈനയാണ്.

അതിര്‍ത്തിയില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുന്ന സൈനിക നീക്കത്തിന് കോപ്പുകൂട്ടിയിരിക്കുകയാണ് പാകിസ്ഥാനും ചൈനയും. ഈ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കയുടെ നടപടി വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം വേണ്ടി വരുമെന്ന് ഇരുവരുടെയും സംയുക്ത പ്രസ്താവന മുമ്പ് പുറത്തുവന്നിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലി ഷാങ്ഫുവും പാക് നാവികസേനാ മേധാവി അംജദ് ഖാന്‍ നിയാസിയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുത്തത്.

ഇരു രാജ്യങ്ങളുടേയും നാവികസേനകളുടെ നേതൃത്വത്തില്‍ സംയുക്ത സൈനികാഭ്യാസം നടത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍ എന്നിവിടങ്ങളില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നാവിക ശക്തി വര്‍ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. പാകിസ്ഥാന്‍ നിര്‍മ്മിക്കുന്ന ഗ്വദാര്‍ തുറമുഖം കേന്ദ്രീകരിച്ചാണ് നാവിക പരിശീലനങ്ങള്‍ പുരോഗമിക്കുന്നത്.

Pakistan missile development chinese company US embargo