ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഒരേയൊരു ലോകകപ്പ് ഫുട്‌ബോള്‍ കിരീട നേട്ടത്തില്‍ പങ്കാളിയായ ജോര്‍ജ് ഈസ്റ്റ്ഹാം അന്തരിച്ചു. 88 വയസ്സായിരുന്നുകളിക്കാരനായും പിന്നീട് ഫുട്‌ബോള്‍ താരങ്ങളുടെ അവകാശങ്ങള്‍ക്കായി എക്കാലവും പോരാടുകയും ചെയ്ത താരമായിരുന്നു ജോര്‍ജ് ഈസ്റ്റ്ഹാം. അദ്ദേഹത്തിന്റെ ക്ലബായിരുന്ന സ്‌റ്റോക് സിറ്റിയാണ് മരണം സ്ഥിരീകരിച്ചത്.സ്‌റ്റോക് സിറ്റിക്ലബിന് വേണ്ടി നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ജോര്‍ജ് ഈസ്റ്റ്ഹാം.
1966ല്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയ ടീമില്‍ മധ്യനിര താരമായും ആവശ്യമെങ്കില്‍ മുന്നേറ്റക്കാരനായും കളിച്ച താരമാണ് ജോര്‍ജ് ഈസ്റ്റ്ഹാം. ആഴ്‌സണല്‍, ന്യൂകാസില്‍ യുനൈറ്റഡ്, സ്‌റ്റോക് സിറ്റി ടീമുകള്‍ക്കായും അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചു. ഇംഗ്ലണ്ടിനായി 19 മത്സരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങി. അതില്‍ ലോകകപ്പ് വിജയവും ഉള്‍പ്പെടുന്നു.
1972ല്‍ സ്റ്റോക് സിറ്റിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ മേജര്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചത് ജോര്‍ജ് ഈസ്റ്റ്‌ഹോമാണ്. ഫൈനലില്‍ ചെല്‍സിക്കെതിരെ താരം നേടിയ ഗോളാണ് സ്‌റ്റോക് സിറ്റിക്ക് ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സമ്മാനിച്ചത്. അവരുടെ ആദ്യ മേജര്‍ കിരീടവുമായിരുന്നു അന്ന് നേടിയത്. ഇംഗ്ലീഷ് ഫുട്‌ബോളില്‍ നിലവിലുണ്ടായിരുന്ന താര കൈമാറ്റ നിയമങ്ങളില്‍ വലിയമാറ്റം കൊണ്ടു വരുന്നതിന് 80കളില്‍ അദ്ദേഹം നടത്തിയ നീക്കങ്ങൾ ഈസ്റ്റ്ഹാമിനെ ശ്രദ്ധേയനാക്കി.