ലണ്ടനിലെ നാഷണൽ ഗാലറിയിലുള്ള, വിഖ്യാത ചിത്രകാരന്‍ വിൻസെൻ്റ് വാൻഗോഗിൻ്റെ ചിത്രങ്ങൾ നശിപ്പിക്കാൻ വീണ്ടും ശ്രമവുമായി പരിസ്ഥിതി പ്രവർത്തകർ. രണ്ട് വർഷം മുമ്പ് സമാനമായ ആക്രമണം നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. അന്ന് അതിക്രമം നടത്തിയവർക്ക് ശിക്ഷ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അതിക്രമവും നടന്നിരിക്കുന്നത്. ഒരു കൂട്ടം കാലാവസ്ഥാ പ്രവർത്തകരാണ് ടൊമാറ്റോ സോസ്സ് ഒഴിച്ച് വാൻ ഗോഗ് ചിത്രങ്ങളിൽ നശിപ്പിക്കാൻ ശ്രമം നടത്തിയത്. രണ്ടു വട്ടവും ഒരേ സംഘടനയിലെ ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് കണ്ടെത്തൽ.
വാൻ ഗോഗിൻ്റെ “സൂര്യകാന്തികൾ” സീരീസിൽ നിന്നുള്ള 2 പെയിൻ്റിംഗുകൾക്ക് മേലാണ് അതിക്രമം ഉണ്ടായത്. സംരക്ഷിത ഗ്ലാസ് കവറുകൾ കാരണം ചിത്രത്തിന് കേടുപാടുകളൊന്നും ഉണ്ടായില്ല. ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ടിൽ നിന്ന് കടമെടുത്താണ് ഇവ രണ്ടും. പെയിൻ്റിംഗുകൾ ഉടൻ തന്നെ നീക്കം ചെയ്യുകയും പരിശോധിക്കുകയും ചെയ്തിരുന്നു, എന്നാൽ കാര്യമായ കേടുപാടുകൾ ഉണ്ടായില്ല. ആക്രമണത്തിൽ ഉൾപ്പെട്ട ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പരിസ്ഥിതി ഗ്രൂപ്പിലെ മൂന്ന് പ്രവർത്തകരെ ഇതെ തുടർന്ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വീണ്ടും പ്രദർശനം തുറന്നതായി ഗാലറി അറിയിച്ചു.