/kalakaumudi/media/media_files/2025/12/20/jefri-2025-12-20-07-59-03.jpg)
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ കാലമായി കാത്തിരുന്ന ചില ഫയലുകള്‍ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്. സമീപ ആഴ്ചകളില്‍ പുറത്തിറക്കിയ മറ്റ് രേഖകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും വ്യത്യസ്തതമായ ഇവ എപ്സ്റ്റീന്‍ ഫയലുകള്‍ എന്നാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് മാസങ്ങളായി സമ്മര്‍ദ്ദം ശക്തമായതോടെയാണ് വെള്ളിയാഴ്ച ഈ ഫയലുകള്‍ നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇരകളുടെ വിവരങ്ങള്‍ മറച്ചുവച്ചാണ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത് വിടുക. ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ടായതിനാല്‍ രേഖകളില്‍ തിരുത്തലുകള്‍ വന്നേക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഫയലുകളില്‍ പേരോ ചിത്രമോ ഉളളത് തെറ്റിന്റെ സൂചന അല്ലെന്നാണ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. ജെഫ്രി എപ്സ്റ്റീനെതിരെ യുഎസ് നീതിന്യായ വകുപ്പ് നടത്തിയ രണ്ട് ക്രിമിനല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇരകളോടും സാക്ഷികളോടും അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ മൊഴിയെടുപ്പിന്റെ വിശദാംശങ്ങളും ജെഫ്രി എപ്സ്റ്റീന്റെ സ്വത്തുക്കളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്ന് പിടികൂടിയവ ഉള്‍പ്പെടുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പുറത്ത് വന്ന ഫയലുകള്‍ പൂര്‍ണമാണോ ഭാഗികമാണോയെന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. ജെഫ്രി എപ്സ്റ്റീന്‍ എന്ന കോടീശ്വരനെക്കുറിച്ച് 2005ല്‍ ആണ് പരാതികള്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നായിരുന്നു ലഭിച്ച പരാതി. അന്വേഷിച്ച് ചെന്ന പൊലീസിന് പരാതിയെ സാധൂകരിക്കുന്ന തെളിവുകളും കിട്ടി.
പിന്നാലെ പരാതികളുടെ എണ്ണം കൂടി. കേസ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും നടന്നു. 2006 ല്‍ എപ്സ്റ്റീന്‍ അറസ്റ്റിലായി. 2009ല്‍ മോചിതനായെങ്കിലും 2019ല്‍ പിന്നെയും അറസ്റ്റിലായി. 2021 -ല്‍ കൂട്ടുപ്രതി ഗിസ്ലെയ്‌നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരില്‍ പ്രമുഖയായിരുന്നു വിര്‍ജീനിയ ജുഫ്രേ. ഇവര്‍ കോടതിയിലും എപ്സ്റ്റീനെതിരെ മൊഴി നല്‍കി. പക്ഷേ, 2025 ഏപ്രിലില്‍ ഇവര്‍ ആത്മഹത്യ ചെയ്തു. 2019ല്‍ എപ്സ്റ്റീനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
