നാറ്റോയുമായി പൊരുത്തപ്പെടുമെന്ന് എര്‍ദോഗന്‍ ;അസദിനെ പുറത്താക്കിയതില്‍ തുര്‍ക്കിക്ക് കടപ്പാട് അറിയിച്ച് അമേരിക്ക

ഇസ്രയേലിന്റെ ശക്തനായ എതിരാളിയാണ് തുര്‍ക്കി.സിറിയയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ കടുത്ത ഭാഷയിലാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പ്രതികരിച്ചത്.

author-image
Rajesh T L
New Update
er

ഇസ്രയേലിന്റെ ശക്തനായ എതിരാളിയാണ് തുര്‍ക്കി. സിറിയയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ കടുത്ത ഭാഷയിലാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പ്രതികരിച്ചത്. നാറ്റോ സഖ്യത്തിലെ വിമതർ  എന്ന്  വേണമെങ്കില്‍ തുര്‍ക്കിയെ വിളിക്കാം.നാറ്റോ അംഗങ്ങള്‍ തുര്‍ക്കിക്ക് ആയുധങ്ങള്‍ കൈമാറാന്‍ വിമുഖത കാട്ടിയിരുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് എര്‍ദോഗന്‍ വാഗ്ദാനം ചെയ്തിരുന്നു. എര്‍ദോഗാന്‍ നാറ്റോ അംഗ രാജ്യങ്ങളോട് പുതിയ ജെറ്റ് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എര്‍ഗോദന്റെ വിമത നിലപാടുകള്‍ നാറ്റോ അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍, അവര്‍ വിമാനങ്ങള്‍ നല്‍കാന്‍ തയ്യാറായതുമില്ല. പ്രത്യേകിച്ച് ഗ്രീസിനെ ആക്രമിക്കുമെന്ന ഭീഷണിയും വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ഇടപാടുകളും. 

ജര്‍മനി വിമാനങ്ങള്‍ നല്‍കണമെന്ന ആവശ്യം നിരസിച്ചു. അമേരിക്ക അര പതിറ്റാണ്ടോളം എ16 ജെറ്റുകളുടെ വില്‍പ്പന വൈകിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറുകയാണ്. നാറ്റോയുമായി പൊരുത്തപ്പെട്ടുപോകാന്‍ എര്‍ദോഗന്‍ സന്നദ്ധനായിട്ടുണ്ട്. സിറിയയിലെ സംഭവവികാസങ്ങളാണ് തുര്‍ക്കി പ്രസിഡന്റിന്റെ നിലപാട് മാറ്റത്തിനു പിന്നിലെന്നാണ് സൂചന. 

പടിഞ്ഞാറന്‍ ഏഷ്യയിലെ ഒരു പ്രധാന രാജ്യമാണ് തുര്‍ക്കി. സിറിയയിലെ വിമതര്‍, ഹയാത്ത് അല്‍-ഷാമിനെ തുര്‍ക്കി പിന്തുണയ്ക്കുന്നുണ്ട് . 2011-ല്‍ സിറിയയില്‍ നടന്ന അറബ് വസന്ത പ്രക്ഷോഭത്തിനിടെയാണ് എര്‍ദോഗന്‍ ആദ്യമായി സിറിയയിലെ വിമതരെ പിന്തുണച്ചെത്തിയത്. 

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ വിമതര്‍ പുറത്താക്കി. പിന്നാലെ മോസ്‌കോയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. അല്‍ ഖ്വായിദ ബന്ധമുള്ള പ്രസ്ഥാനമാണ് ഹയാത്ത് അല്‍-ഷാം. ഈ വിമത ഗ്രൂപ്പിന് ശക്തമായ പിന്തുണയാണ് എര്‍ദോഗന്‍ നല്‍കുന്നത്. 2016-ഓടെയാണ് എച്ച്ടിഎസ് അല്‍-ഖ്വയ്ദയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. തുടര്‍ന്ന് തുര്‍ക്കിയാണ് എച്ച്ടിഎസിനു പിന്തുണ നല്‍കുന്നത്. 

യന്ത്ര  തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, നിരീക്ഷണ, ചാവേര്‍ ഡ്രോണുകള്‍, കവചിത യുദ്ധ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ എച്ച്ടിഎസിന് തുര്‍ക്കി നല്‍കി. വിമതര്‍ക്ക് അസദ് ഭരണകൂടത്തെ അട്ടമിറിക്കാന്‍ സാധിച്ചത് തുര്‍ക്കിയുടെ പിന്തുണ കൊണ്ടാണ്. സിറിയയിലെ സംഭവവികാസങ്ങള്‍ തുര്‍ക്കിയുടെ വിജയമായും വിലയിരുത്തുന്നുണ്ട്. റഷ്യയ്ക്ക് പോലും അസദിനെ സംരക്ഷിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്.

അസദിനെ പുറത്താക്കിയതില്‍ അമേരിക്കയ്ക്ക് തുര്‍ക്കിയോട് കടപ്പാടുണ്ട്. ഇതോടെയാണ് ആയുധം നല്‍കുന്നതിലെ കടുംപിടുത്തം അമേരിക്ക ഉപേക്ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍. എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ അമേരിക്ക, തുര്‍ക്കിക്ക് നല്‍കും എന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കി പ്രതിരോധ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. 40 എഫ്-35 ജെറ്റുകള്‍ വാങ്ങാമെന്ന പ്രതീക്ഷയിലാണ്  തുര്‍ക്കി. 

അതിനിടെ, ഇസ്രയേലിന് ശക്തമായ താക്കീതുമായി തുര്‍ക്കി രംഗത്തുവന്നിട്ടുണ്ട്. സിറിയയിലെ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് എര്‍ദഗോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിറിയയുടെ സൈനികശേഷി ദുര്‍ബലപ്പെടുത്തുകയാണ് ഇസ്രയേല്‍ ആക്രമണത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ഞൂറിലേറെ ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്.പ്രകോപന നടപടികള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇസ്രായേലിന് തുര്‍ക്കിയുടെ മുന്നറിയിപ്പ്.

usa turkey syria israel