ദമാസ്‌ക്കസ് : സിറിയയില്‍ എച്ച്ടിഎസ് വിമത സേന അധികാരം പിടിച്ചെടുത്തതോടെ സിറിയന്‍ പ്രസിഡന്റ് അസദ് റഷ്യയില്‍ അഭയം പ്രാപിച്ചു. അതേസമയം, അസദിന്റെ ഒളിച്ചോട്ടത്തിനു തൊട്ടുപിന്നാലെ, സിറിയയുടെ ആയുധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണവും നടത്തി.അതിനിടയില്‍, ഇസ്രയേലിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഒരു വര്‍ഷത്തിലേറെയായി മിഡില്‍ ഈസ്റ്റ് പുകയുകയാണ്. ഇസ്രയേലും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്നു. പിന്നാലെയാണ് സിറിയയിലും ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്, തീവ്രവാദ സംഘടനയായ എച്ച്ഡിഎസ് സിറിയയില്‍ ആക്രമണം ശക്തമാക്കിയത്.വിമതരുടെ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അസദ് സര്‍ക്കാര്‍ നിലംപതിച്ചു. അസദ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും രാജ്യം വിടുകയും ചെയ്തു.റഷ്യയിലാണ് അസദ് അഭയം തേടിയത്.അസദ് രാജ്യം വിട്ടതോടെ സിറിയയിലെ സൈനിക ഡിപ്പോകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണ പരമ്പരകള്‍ തന്നെ നടത്തി.സൈനിക ഡിപ്പോകളെ ലക്ഷ്യമിട്ട് ഇത്രയും കൃത്യമായി ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേലിന് എങ്ങനെ കഴിഞ്ഞുവെന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതായത്,സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സ്വന്തം രാജ്യത്തിന്റെ സൈനിക രഹസ്യങ്ങള്‍ ഇസ്രായേലിന് നല്‍കിയതായി തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന് ഇത്രയും കൃത്യമായി ആക്രമണം നടത്താന്‍ സാധിച്ചത് തങ്ങളുടെ ആയുധ സംഭരണ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അസദ് നല്‍കിയതിനാലാണ്.
വിമത സേന മുന്നേറിയതോടെ രാജ്യം വിടാന്‍ അസദ് തീരുമാനിക്കുകയായിരുന്നു.രാജ്യം വിടുമ്പോള്‍ തന്റെ വിമാനം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിടുമെന്ന് ഭയന്ന്, സുരക്ഷിതമായി രക്ഷപ്പെടാന്‍ രാജ്യത്തിന്റെ സൈനിക രഹസ്യങ്ങള്‍ അസദ് ഇസ്രായേലിന് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട്,രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ അബ്ദുള്‍ ഖാദര്‍ ഒരു തുര്‍ക്കി പത്രത്തോട് പറഞ്ഞത് ഇങ്ങനെയാണ്,'ആയുധ ഡിപ്പോകള്‍, മിസൈല്‍ സംവിധാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുടെ സ്ഥാനം സംബന്ധിച്ച് അസദ് തന്നെയാണ് വിവരങ്ങള്‍ നല്‍കിയിരുന്നത്. രക്ഷപ്പെടുമ്പോള്‍ തന്റെ വിമാനം ആക്രമിക്കപ്പെടാതിരിക്കാനാണ് അസദ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.അസദ് സിറിയയില്‍ നിന്ന് പലായനം ചെയ്തത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉപദേശകര്‍ക്ക് പോലും അറിവില്ലായിരുന്നു. തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ അസദ് ചില തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതിനിടെ,സിറിയന്‍ അതിര്‍ത്തിയിലെ ബഫര്‍ സോണില്‍ നിന്ന് സെന്യത്തെ തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനന്ത്രി ബിന്യമിന്‍ നെതന്യാഹു വ്യക്തമാക്കി.ഗോലാന്‍ കുന്നുകളോട് ചേര്‍ന്ന ബഫര്‍ സോണില്‍ നിന്ന് സൈന്യത്തെ പെട്ടെന്ന് പിന്‍വലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളി.ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന ബദല്‍ സംവിധാനം വരുന്നതു വരെ സിറിയന്‍ പ്രദേശത്ത് സൈന്യം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ബഫര്‍ സോണില്‍ നിന്ന് സേന ഉടന്‍ പിന്‍മാറണമെന്ന് അറബ് രാജ്യങ്ങളും തുര്‍ക്കിയും ആവശ്യപ്പെട്ടിരുന്നു.