/kalakaumudi/media/media_files/2025/11/24/val-2025-11-24-20-46-23.jpg)
അബാബ: എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതത്തില്‍ 10000 വര്‍ഷങ്ങള്‍ക്കുശേഷം വമ്പന്‍ പൊട്ടിത്തെറി. ഈ മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ അഗ്‌നിപര്‍വ്വത സ്‌ഫോടനമാണ് നടന്നത്. ഭൂമിയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നായ എര്‍ട്ട ആലെ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന അഗ്‌നിപര്‍വതമാണ് ഹെയ്ലി ഗുബ്ബി.
ടുലൗസ് അഗ്‌നിപര്‍വ്വത ആഷ് അഡൈ്വസറി സെന്ററിന്റെ അറിയിപ്പ് പ്രകാരം, ഞായറാഴ്ച രാവിലെ 8:30 ഓടെയാണ് ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതത്തില്‍ പൊട്ടിത്തെറി ആരംഭിച്ചത്. വൈകുന്നേരം വരെ സ്‌ഫോടനാത്മക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ചാരം ഏകദേശം 45,000 അടി (13.7 കിലോമീറ്റര്‍) ഉയരത്തിലേക്ക് ഉയര്‍ന്നു.
രാവിലെ ഒരു സ്വതന്ത്ര അഗ്‌നിപര്‍വ്വത നിരീക്ഷണ ഗ്രൂപ്പായ ജിയോളജിഹബിലെ വിശകലന വിദഗ്ധര്‍, അതിവേഗം വളരുന്ന ഒരു പുകച്ചുരുള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടുലൗസ് അഗ്‌നിപര്‍വ്വത ആഷ് അഡൈ്വസറി സെന്ററിനെ വിവരമറിയിക്കുകയായിരുന്നു. ഹോളോസീന്‍ കാലഘട്ടത്തില്‍, അതായത് കഴിഞ്ഞ 10,000 വര്‍ഷങ്ങളില്‍ ഈ അഗ്‌നിപര്‍വ്വതം ഒരിക്കല്‍പോലും പൊട്ടിത്തെറിച്ചിട്ടില്ലെന്ന് ഭൂമിശാസ്ത്ര രേഖകള്‍ സൂചിപ്പിക്കുന്നു. കാരണത്താല്‍ ഏറെ പ്രാധാന്യമുള്ള അഗ്‌നിപര്‍വത സ്‌ഫോടനമാണ് എത്യോപ്യയില്‍ നടന്നിരിക്കുന്നത്.
അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഉയര്‍ന്ന ചാരപ്പുക മൂലം യെമന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. 17 കിലോമീറ്റര്‍ ഓളം ഉയരത്തില്‍ പൊങ്ങിയ ചാരപ്പുക ചെങ്കടലിന് കുറുകെ ഒമാന്‍, യെമന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെക്കുപടിഞ്ഞാറന്‍ അറേബ്യന്‍ ഉപദ്വീപിന്റെ ചില ഭാഗങ്ങളിലേക്ക് ആണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന ഉദ്വമനത്തിലെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാന്‍ പരിസ്ഥിതി അതോറിറ്റി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ദോഫാറിലെ 8 സ്റ്റേഷനുകളും അല്‍ വുസ്തയിലെ 5 സ്റ്റേഷനുകളും ഉള്‍പ്പെടെ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ഗവര്‍ണറേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന 68 മോണിറ്ററിംഗ് സ്റ്റേഷനുകള്‍ വഴി അതോറിറ്റി 24 മണിക്കൂറും മലിനീകരണ സാന്ദ്രത തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
