അഭിമാനം; താനും ഇന്ത്യനെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്

യൂറോപ്പും ഇന്ത്യയും തമ്മിലുള്ള ബന്ധം എനിക്ക് വ്യക്തിപരമായ ഒന്നാണ്. നമ്മുടെ വ്യാപാര ചര്‍ച്ചകള്‍ അവസാനിക്കുന്നു. നമ്മുടെ ഉച്ചകോടി ലോകത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നു.

author-image
Biju
New Update
pri1

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാറില്‍ ഒപ്പുവച്ച ചര്‍ച്ചകള്‍ക്കിടെ തന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് പുറത്തുകാണിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റും മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുമായ അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റ. 2017-ല്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കോസ്റ്റയ്ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് സമ്മാനിച്ചത്. സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച ഘട്ടത്തിലാണ് കോസ്റ്റ അപ്രതീക്ഷിതമായി ഒസിഐ കാര്‍ഡ് പുറത്തെടുത്ത് തന്റെ ഗോവന്‍ വേരുകളെക്കുറിച്ച് സംസാരിച്ചത്. 

''ഞാന്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റാണ്. പക്ഷേ ഞാന്‍ ഒരു വിദേശ ഇന്ത്യന്‍ പൗരനുമാണ്. എന്റെ പിതാവിന്റെ കുടുംബം വന്നത് ഗോവയില്‍ നിന്നാണ്. ഗോവയിലുള്ള എന്റെ വേരുകളില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള ബന്ധം എനിക്ക് വ്യക്തിപരമായ ഒന്നാണ്. നമ്മുടെ വ്യാപാര ചര്‍ച്ചകള്‍ അവസാനിക്കുന്നു. നമ്മുടെ ഉച്ചകോടി ലോകത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നു. ആഗോള ക്രമം അടിസ്ഥാനപരമായി പുനര്‍നിര്‍മിക്കപ്പെടുന്ന ഈ സമയത്ത്, യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തന്ത്രപരവും വിശ്വസനീയവുമായ പങ്കാളികളായി ഒരുമിച്ച് നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍, നമ്മുടെ പൗരന്മാര്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുന്നതിനും സമാധാനവും സ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും അടിസ്ഥാനമാക്കിയുള്ള ഒരു പ്രതിരോധശേഷിയുള്ള ആഗോള ക്രമം രൂപപ്പെടുത്തുന്നതിനും ഞങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു''  കോസ്റ്റ പറഞ്ഞു.

കോസ്റ്റയുടെ കുടുംബം ഗോവയില്‍ നിന്നുള്ളവരായിരുന്നു. മുന്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവയിലാണ് കോസ്റ്റയുടെ മുത്തച്ഛന്‍ ജനിച്ചതും ജീവിതത്തിന്റെ ഭൂരിഭാഗം കാലം താമസിച്ചതും. മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി കൂടിയായ കോസ്റ്റയെ ഇപ്പോഴും 'ബാബുഷ്' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കൊങ്കണി ഭാഷയിലുള്ളതാണ് ആ വാക്ക്. 2017-ല്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കോസ്റ്റയ്ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് സമ്മാനിക്കുകയായിരുന്നു. 2017 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച കോസ്റ്റയ്ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡും ലഭിച്ചിരുന്നു.