/kalakaumudi/media/media_files/2025/09/01/urzula-2025-09-01-18-52-02.jpg)
ബള്‍ഗേറിയ: യൂറോപ്യന്‍ യൂണിയന്‍ (ഇയു) കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയന്റെ വിമാനത്തിന് ബള്‍ഗേറിയന്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാങ്കേതിക തടസ്സം. വിമാനത്തിന്റെ ജിപിഎസ് നാവിഗേഷന്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ഭൂപടം ഉപയോഗിച്ചാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റഷ്യന്‍ സൈബര്‍ ആക്രമണമാണെന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം, ആരോപണം റഷ്യന്‍ വക്താവ് ദിമിത്ര പെസ്‌കോവ് തള്ളി. യൂറോപ്യന്‍ കമ്മിഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിമാനത്താവളത്തിന്റെ മേഖലയാകെ ജിപിഎസ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഒരു മണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും പറന്നശേഷമാണ് അനലോഗ് മാപ്പുകള്‍ ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാമെന്ന് പൈലറ്റ് തീരുമാനം എടുത്തത്. സംഭവം ബള്‍ഗേറിയന്‍ എയര്‍ ട്രാഫിക് സര്‍വീസസ് അതോറിറ്റിയും സ്ഥിരീകരിച്ചു.
''2022 ഫെബ്രുവരി മുതല്‍ ജിപിഎസ് ജാമ്മിങ്, സ്പൂഫിങ് സംഭവങ്ങള്‍ ശ്രദ്ധേയമായ തോതില്‍ വര്‍ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ വിമാനത്തിന്റെയും വിമാനത്താവളത്തിന്റെയും സംവിധാനങ്ങളെ വിവിധതരത്തില്‍ ബാധിക്കുന്നുണ്ട്'' അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റഷ്യയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ബാള്‍ട്ടിക് കടലിലുമാണ് നിലവില്‍ ജിപിഎസ് ജാമ്മിങ് സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനങ്ങളെയും ബോട്ടുകളെയും ദൈനംദിന ജീവിതത്തില്‍ ജിപിഎസ് ഉപയോഗിക്കുന്ന സാധാരണക്കാരെയും ഇതു ബാധിക്കുന്നുണ്ട്.
പോളണ്ടിലെ വാര്‍സോയില്‍നിന്നാണ് ഉര്‍സുല ബള്‍ഗേറിയയിലേക്കു എത്തിയത്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കു നേരെ ആക്രമണം നടത്തേണ്ടിവന്നാല്‍ ഇയു രാജ്യങ്ങളുടെ തയാറെടുപ്പുകള്‍ എന്തൊക്കെയെന്നു വിലയിരുത്താനാണ് ഉര്‍സുല എത്തിയത്.
എന്താണ് ജിപിഎസ് ജാമ്മിങ്, സ്പൂഫിങ് ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ജാമ്മിങ്, സ്പൂഫിങ് എന്നിവ ജിപിഎസ് സിഗ്‌നലുകളെ തടസ്സപ്പെടുത്തുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ സാങ്കേതിക വിദ്യകളാണ്.
ഇവ രണ്ടും ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ജിപിഎസ് റിസീവറുകള്‍ക്ക് കൃത്യമായ ജിപിഎസ് സിഗ്‌നലുകള്‍ ലഭിക്കുന്നത് തടയുന്ന പ്രക്രിയയാണ് ജിപിഎസ് ജാമ്മിങ്. ജാമ്മറുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക ഉപകരണങ്ങള്‍ ശക്തമായ റേഡിയോ സിഗ്‌നലുകള്‍ പുറത്തുവിട്ട് യഥാര്‍ഥ ജിപിഎസ് സിഗ്‌നലുകളെ ഇല്ലാതാക്കുന്നു.
ജിപിഎസ് സ്പൂഫിങ് എന്നാല്‍ ജിപിഎസ് ഉപകരണങ്ങളെ തെറ്റായ സ്ഥാനവിവരങ്ങള്‍ നല്‍കി വിശ്വസിപ്പിക്കുന്ന പ്രക്രിയയാണ്. ജാമ്മിങ്ങില്‍നിന്ന് വ്യത്യസ്തമായി, സ്പൂഫിങ്ങില്‍ സിഗ്‌നലുകള്‍ തടയുന്നതിനു പകരം, തെറ്റായ ജിപിഎസ് സിഗ്‌നലുകള്‍ ഉണ്ടാക്കി റിസീവറിനെ തെറ്റിദ്ധരിപ്പിക്കുന്നു.