/kalakaumudi/media/media_files/2025/08/30/ukraine-2025-08-30-14-35-53.jpg)
ട്രംപ് കൈവിടുമ്പോഴും ഒപ്പം നിർത്തി യൂറോപ്പ്, ആക്രമണം ശക്തമാക്കി പുടിൻ
യുക്രൈയ്ൻറെ ഭാവിയും യൂറോപ്പിൻറെ സുരക്ഷയും നിർണയിക്കപ്പെടുന്ന കൂടിക്കാഴ്ച എന്നൊക്ക വിചാരിച്ച സെലൻസ്കിയുടെ വൈറ്റ് ഹൗസ് സന്ദർശനം. അതിനിർണായകമെന്ന് ഒരേസ്വരത്തിൽ വിശേഷിപ്പിച്ച് നിരീക്ഷകരും വിദഗ്ധരും മാധ്യമങ്ങളും കാത്തിരുന്നു. പക്ഷേ, ഈ പറഞ്ഞതൊന്നും സംഭവിച്ചില്ല. ത്രിതല കൂടിക്കാഴ്ചയുടെ സാധ്യത മാത്രം തുറന്നിട്ടു അമേരിക്കൻ പ്രസിഡൻറ്. ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു. രണ്ടുകൂട്ടരും, ട്രംപ് സംഘവും സെലൻസ്കിയും അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ കൂടിക്കാഴ്ച കൈകാര്യം ചെയ്തുവെന്നത്. പരസ്പരം പ്രശംസകൾ വാരിക്കോരി നൽകി. സെലൻസ്കി തുടങ്ങിയത് തന്നെ നന്ദി പറഞ്ഞ് കൊണ്ട്. അങ്ങനെ കഴിഞ്ഞ കൂടിക്കാഴ്ചയിലെ കേടുപാടുകളെല്ലാം തീർത്തു.എന്തും സംഭവിക്കാമെന്ന് എല്ലാവരും ചിന്തിച്ചുറപ്പിച്ച കൂടിക്കാഴ്ച. കഴിഞ്ഞ തവണത്തേപ്പോലെ ടെലിവൈസ്ഡ് അപമാനിക്കലാവുമോയെന്ന സംശയമായിരുന്നു കൂടുതലും. അതുണ്ടാവില്ല. സെലൻസ്കിയുടെ ആവശ്യങ്ങൾ യൂറോപ്പിൻറെത് കൂടിയാണ് എന്നുറപ്പിക്കാൻ യൂറോപ്യൻ നേതാക്കളും വൈറ്റ് ഹൗസിലെത്തിയിരുന്നു. ആദ്യമെത്തിയത് അവരാണ്. പിന്നീട് സെലൻസ്കിയുമെത്തി.
കാലുവാരി ട്രംപ്
വെടിനിർത്തൽ ഇന്ന്, പുടിൻറെ മനസിലെന്തെന്ന് രണ്ട് മിനിറ്റിനകം മനസിലാകും, വെടിനിർത്തലില്ലെങ്കിൽ ഇറങ്ങിപ്പോരും, സംയുക്ത വാർത്താ സമ്മേളനമില്ല എന്നൊക്കെ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പറഞ്ഞിരുന്ന അമേരിക്കൻ പ്രസിഡൻറ്, പക്ഷേ അലാസ്കയിൽ വിമാനമിറങ്ങിയത് മറ്റൊരാളായാണ്. പുടിന് ചുവന്ന പരവതാനി വിരിച്ച് സ്വീകരണം, ട്രംപ് താഴെ കാത്തുനിന്നു. യുദ്ധവിമാനങ്ങളുടെ അകമ്പടി. അമേരിക്കക്ക് തന്നെ നാണക്കേട് എന്നൊക്കെ പറയുന്നുണ്ട് പലരും. പ്രതീക്ഷകൾ തെറ്റിച്ച അലാസ്ക കൂടിക്കാഴ്ചക്ക് ശേഷമാണ് സെലൻസ്കി വൈറ്റ് ഹൗസിലെത്തുന്നത്. അതിനുമുമ്പേ തന്നെ ട്രൂത്ത് സോഷ്യലിലെ ട്രംപിൻറെ കുറിപ്പ് എത്തി. യുക്രൈയ്ൻ ക്രൈമിയ വിട്ടുകൊടുക്കണം, നേറ്റോ അംഗത്വ മോഹം ഉപേക്ഷിക്കണം എന്നൊക്കെയായിരുന്നു. എന്തായാലും ആശങ്കകൾക്ക് അടിസ്ഥാനമുണ്ടായില്ല.ത്രിതല കൂടിക്കാഴ്ചക്ക് വഴിയൊരുക്കാം എന്ന് മാത്രമാണ് ട്രംപ് സെലൻസ്കിയോടും യൂറോപ്യൻ നേതാക്കളോടും പറഞ്ഞത്. മോസ്കോ എന്ന പുടിൻറെ നിർദ്ദേശം സെലൻസ്കി അപ്പോഴേ തള്ളി. നിഷ്പക്ഷ യൂറോപ്യൻ രാജ്യങ്ങളിൽ വച്ചാകാമെന്ന് അറിയിച്ചു. സ്വിറ്റ്സർലൻഡോ ഓസ്ട്രിയയോ തുർക്കിയോ ആകാമെന്നും. യൂറോപ്യൻ നേതാക്കളും സ്ഥലങ്ങൾ നിർദ്ദേശിച്ചു. ജനീവയെന്ന് ഫ്രഞ്ച് പ്രസിഡൻറ്, ബുഡാപെസ്റ്റെന്ന് ഹംഗറി. പക്ഷേ, ബുഡാപെസ്റ്റും സെലൻസ്കി തള്ളി. ഇന്നത്തെ സാഹചര്യത്തിൽ അത് വേണ്ടെന്നാണ് നിലപാട്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കടുത്ത പുടിൻ പക്ഷപാതിയാണെന്നതാണ് കാരണം.ട്രംപിൻറെ ഫോൺ കോളിൽ പുടിൻ കൂടിക്കാഴ്ചക്ക് സമ്മതിച്ചു എന്നാണ് CBS റിപ്പോർട്ട്. അതിനൊരു പ്രത്യേക പ്രാധാന്യമുണ്ട്. സോവിയറ്റ് കാലത്തെ ആണവായുധ ശേഖരം യുക്രൈയ്നിലാണ് സൂക്ഷിച്ചിരുന്നത്. സോവിയറ്റ് തകർച്ചക്ക് ശേഷം അത് വിട്ടുകൊടുക്കാമെന്ന് യുക്രൈയ്ൻ അറിയിച്ചത് ബുഡാപെസ്റ്റിൽ വച്ചാണ്. പകരം റഷ്യ, അമേരിക്ക, യുകെ എന്നിവർ യുക്രൈയ്ന് സുരക്ഷാ ഉറപ്പുകൾ നൽകി.ആ സുരക്ഷാ ഉറപ്പിന് പുടിൻ ഒരു വിലയും കൽപ്പിച്ചില്ലെന്നത് വേറെ കാര്യം.
പുടിൻ - സെലൻസ്കി കൂടിക്കാഴ്ച
പുടിൻ കൂടിക്കാഴ്ചക്ക് സമ്മതിച്ചു എന്നുപറയുന്നെങ്കിലും അത് ക്രെംലിൻ ആവർത്തിക്കുന്നില്ല. അത്ര പ്രാധാന്യമില്ലാത്ത കാര്യമെന്ന മട്ടിലാണ് പ്രതികരണം. 2019 -ലാണ് പുടിൻ - സെലൻസ്കി കൂടിക്കാഴ്ച ആദ്യമായി നടക്കുന്നത്. പാരിസിലെ ഉച്ചകോടിക്കിടെ. അന്ന് ഫ്രഞ്ച് പ്രസിഡൻറും അന്നത്തെ ജർമ്മൻ ചാൻസലർ ആംഗലാ മെർക്കലുമുണ്ടായിരുന്നു. ഡോൺബാസ് യുദ്ധത്തിലെ വെടിനിർത്തലായിരുന്നു അന്നത്തെ ലക്ഷ്യം. ഡോൺബാസ് കൈയടക്കാനുള്ള ശ്രമമായിരുന്നു പുടിന് അന്നുണ്ടായിരുന്നത്. സെലൻസ്കി തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങളേ ആയിരുന്നൊള്ളൂ. പെട്രോ പൊറോഷെങ്കോയെ തോൽപ്പിച്ച് കൊണ്ട്. പാരിസ് കൂടിക്കാഴ്ച സൗഹാർദ്ദപരമായാണ് അവസാനിച്ചത്. ക്രൈമിയ റഷ്യ കീഴടക്കിയ ശേഷം ആദ്യ ചർച്ചയിൽ മിൻസ്ക് ധാരണ നടപ്പാക്കാൻ രണ്ടുകൂട്ടരും സമ്മതിച്ചു. പക്ഷേ, രണ്ടുപേരും മുഖത്തോടുമുഖം നോക്കിയില്ല. ഹസ്തദാനവും ഉണ്ടായില്ല, ഒരു ധാരണയൊന്നും നടപ്പായില്ല. 2 വർഷത്തിനകം റഷ്യ, യുക്രൈയ്ൻ അധിനിവേശം ആരംഭിച്ചു.
ഒപ്പം നിന്ന് യൂറോപ്പ്
യുക്രൈയ്ൻ ഇപ്പോൾ അമേരിക്കയിൽ നിന്നാവശ്യപ്പെടുന്നതും സുരക്ഷാ ഉറപ്പുകളാണ്. അത് നേരിട്ടാവില്ല, അമേരിക്കൻ സൈന്യത്തെ അയക്കില്ല എന്നാണ് കൂടിക്കാഴ്ചയുടെ പിറ്റേദിവസം ട്രംപ് പറഞ്ഞത്. യൂറോപ്പിന് അതാകാം, അമേരിക്ക പിന്തുണക്കുമെന്നും. എന്തുരീതിയിലെ പിന്തുണയെന്ന് വ്യക്തമല്ല. എന്തായാലും യൂറോപ്യൻ സഖ്യമായ സന്നദ്ധരുടെ കൂട്ടായ്മ (Coalition of the willing) ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സുരക്ഷയിലും ഭാവിയിലും. കഴിഞ്ഞ തവണത്തെ ട്രംപ് - സെലൻസ്കി കൂടിക്കാഴ്ച ദുരന്തമായതോടെ രൂപീകരിച്ചതാണ് സന്നദ്ധരുടെ കൂട്ടായ്മ. യുകെയും ഫ്രാൻസും ചേർന്ന് രൂപീകരിച്ച സഖ്യത്തിൽ അംഗങ്ങളായി 30 രാജ്യങ്ങളുണ്ട്.
ഈ സഖ്യത്തിൻറെ പ്രതിനിധികളായാണ് യൂറോപ്യൻ നേതാക്കൾ വാഷിംഗ്ടണിലെത്തിയത്. പക്ഷേ, ഈ സന്നദ്ധ കൂട്ടായ്മയുടെ കൂട്ടത്തിൽ പകുതി സമ്മതം മാത്രമുള്ളവരുമുണ്ട്. സൈന്യത്തെ അയക്കില്ല, ആയുധവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകാം എന്ന് പറയുന്നവർ. നേറ്റോ അംഗങ്ങളായ ഹംഗറിയും സ്ലോവാക്യയും സഖ്യത്തിൽ അംഗങ്ങളല്ല, റഷ്യൻ അനുകൂലികളുമാണ്. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോ നേരത്തെ തന്നെ യുക്രൈയ്ൻറെ നേറ്റോ അംഗത്വത്തിനെതിരാണ്. അതിപ്പോഴും ആവർത്തിക്കുന്നു. യുക്രൈയ്ൻറെ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. യുക്രൈയ്ൻറെ സുരക്ഷയ്ക്കായുള്ള സൈനിക വിന്യാസമാണ് ഇനി അവരുടെ ലക്ഷ്യം. അതിനായുള്ള ചർച്ചകൾ തുടങ്ങുകയും ചെയ്തു.
ചർച്ചയ്ക്കിടെയിലും ആക്രമണം
ത്രിതല കൂടിക്കാഴ്ച നടന്നാലേ പക്ഷേ, ഈ ചർച്ചകൾക്ക് തന്നെ സാംഗത്യമുള്ളൂ. സെലൻസ്കിയെ നിയമസാധുതയില്ലാത്ത ഭരണാധികാരിയായാണ് പുടിൻ കണക്കാക്കുന്നത്. യൂറോപ്പുമായും നേറ്റോയുമായും യുക്രൈയ്ൻ ഇത്രയും അടുക്കാൻ കാരണം സെലൻസ്കിയാണെന്നും പുടിൻ ആരോപിക്കുന്നു. നവനാസി സർക്കാരാണെന്ന ആരോപണം വേറെ. ചർച്ചകൾ നടന്നപ്പോഴും റഷ്യ, യുക്രൈയ്നിൽ ആക്രമണം തുടർന്നു. പിറ്റേദിവസം നടന്നത് കടുത്ത ആക്രമണം. ഒറ്റദിവസം 574 ഡ്രോണുകളും 40 മിസൈലുകളും യുക്രൈയ്നിൽ വീണു. സപ്പോർഷ്യയിൽ റഷ്യൻ സൈന്യം വൻതോതിൽ വിന്യസിക്കപ്പെടുന്നുവെന്നും സെലൻസ്കി അറിയിച്ചു. ഡോൺബാസിനൊപ്പം സപ്പോർഷ്യയിലും ഖേർസണിലും പുടിന് കണ്ണുണ്ട്. അത് റഷ്യയുടേതെന്നാണ് അവകാശവാദവും.