ഒരു കേസ് കൂടി, ഇമ്രാന്‍ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ്

2022 ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം വിവിധ കേസുകളിലായി ഇദ്ദേഹം തുടര്‍ച്ചയായി തടവിലാണ്.

author-image
Biju
New Update
imran 2

റാവല്‍പിണ്ടി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും പാക് കോടതി 17 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.

2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ ഖാനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന നിരവധി കേസികളില്‍ ഒന്നായ തോഷഖാന രണ്ട് അഴിമതി കേസിലാണ് വിധി. 2021 ല്‍ സൗദി സര്‍ക്കാരില്‍ നിന്ന് ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളില്‍ തട്ടിപ്പ് നടത്തിയതായി ആരോപിക്കുന്നതാണ് ഇത്.

2022 ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം വിവിധ കേസുകളിലായി ഇദ്ദേഹം തുടര്‍ച്ചയായി തടവിലാണ്.

രാജ്യത്ത് അധികാരത്തിലിരുന്ന പാര്‍ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് സ്ഥാപകനും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമാണ്. 73 കാരനായ ഇമ്രാന്‍ ഖാന്‍ നിലവില്‍ റാവല്‍പിണ്ടിയിലെ ഉയര്‍ന്ന സുരക്ഷയുള്ള അഡിയാല ജയിലിലാണ്. 

വാച്ചുകള്‍, വജ്ര, സ്വര്‍ണ്ണാഭരണ സെറ്റുകള്‍ എന്നിവയുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സംസ്ഥാന സമ്മാന ശേഖരണമായ തോഷഖാനയില്‍  നിക്ഷേപിക്കാതെ വിറ്റുവെന്നാണ് കേസില്‍ ആരോപിക്കുന്നത്.

പാകിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 409 (ക്രിമിനല്‍ വിശ്വാസ വഞ്ചന) പ്രകാരം ഖാനും ബുഷ്റയ്ക്കും 10 വര്‍ഷം കഠിന തടവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചു. ഓരോരുത്തര്‍ക്കും 16.4 ദശലക്ഷം പിഴയും ചുമത്തി. വിധി പ്രഖ്യാപിച്ചപ്പോള്‍ ഇരുവരും കോടതിയില്‍ ഉണ്ടായിരുന്നു.

ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ കാണുന്നതിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കൊല്ലപ്പെട്ടതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് നവംബറില്‍ വലിയ പ്രക്ഷോഭം ഉണ്ടായിരുന്നു. അവസാനം സഹോദരിമാരില്‍ ഒരാള്‍ക്ക് കാണാന്‍ അനുമതി നല്‍കി. അവസാന കൂടിക്കാഴ്ച ഡിസംബര്‍ 2 ന് ആയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇദ്ദേഹം ഏകാന്ത തടവിലാണ്. പുറത്ത് പ്രവര്‍ത്തിക്കാനോ മറ്റ് തടവുകാരുമായി ഇടപഴകാനോ അനുവാദമില്ല. കൂടാതെ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും കഴിയില്ല. അഭിഭാഷകര്‍, കുടുംബാംഗങ്ങള്‍, കോടതികള്‍ അധികാരപ്പെടുത്തിയ മറ്റുള്ളവര്‍ എന്നിവരുടെ സന്ദര്‍ശനങ്ങള്‍ പലപ്പോഴും തടസ്സപ്പെടുത്തുകയോ അകാലത്തില്‍ അവസാനിപ്പിക്കുകയോ ചെയ്യാറുണ്ട്.

2018 ഓഗസ്റ്റ് മുതല്‍ 2022 ഏപ്രില്‍ വരെ പാകിസ്ഥാന്റെ 19-ാമത് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സേവനമനുഷ്ഠിച്ചു.