എപ്സ്റ്റീന്‍ ഫയല്‍ വിവാദം: ആന്‍ഡ്രൂ രാജകുമാരന്‍ അറസ്റ്റില്‍

സര്‍ക്കാരിലെ ഔദ്യോഗിക രേഖകള്‍ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു

author-image
Biju
New Update
raja

ലണ്ടന്‍: എപ്്സ്റ്റീന്‍ ഫയല്‍ പുറത്തുവന്ന വിവാദങ്ങങ്ങള്‍ക്ക് പിന്നാലെ ആന്‍ഡ്രു രാജകുമാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് പൊലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 66ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ അറസ്റ്റിലായത്. സര്‍ക്കാരിലെ ഔദ്യോഗിക രേഖകള്‍ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നല്‍കുന്നത് ആന്‍ഡ്രൂവിനും തടസ്സമില്ലെന്ന് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്.

താല്‍ക്കാലിക വസതിയായ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റില്‍നിന്നാണ് തേംസ് വാലി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്‍ഡ്രൂവിന്റെ േപര് പരാമര്‍ശിക്കാതെയാണു പൊലിസ് അറസ്റ്റു വിവരം പുറത്തുവിട്ടത്. മാര്‍ഗനിര്‍ദേശമനുസരിച്ച്, അറസ്റ്റിലായ ആളുടെ പേര് ഞങ്ങള്‍ വെളിപ്പെടുത്തില്ലെന്നാണ് ഇതിനുകാരണമായി പൊലീസ് പറയുന്നത്.

യുകെ സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാപാര റിപ്പോര്‍ട്ടുകള്‍ 2010ല്‍ ആന്‍ഡ്രൂ ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്നാണ് കണ്ടെത്തല്‍. ഈ സംഭവത്തിലാണ് പൊലീസ് ആന്‍ഡ്രൂവിനെ അറസ്റ്റ് ചെയ്തത്. എപ്സ്റ്റീന്‍ ഫയലുകളില്‍ സ്ത്രീകള്‍ക്കൊപ്പമുള്ള ആന്‍ഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ആന്‍ഡ്രൂവിന്റെ വിദേശ സന്ദര്‍ശനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു.

ആന്‍ഡ്രൂവുമായുള്ള ലൈംഗിക ബന്ധത്തിനായി എപ്സ്റ്റീന്‍ സ്ത്രീകളെ ബ്രിട്ടനിലേക്കു കടത്തിയെന്നും ആരോപണമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്തതിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടതിന് ശേഷവും എപ്സ്റ്റീനുമായി ആന്‍ഡ്രൂ സൗഹൃദം തുടര്‍ന്നതായി കണ്ടെത്തിയിരുന്നു. 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിര്‍ജീനിയ റോബര്‍ട്ട്സ് ജിയുഫ്രെ എന്ന യുവതിയുടെ വെളിപ്പെടുത്തലും ഏറെ വിവാദമായി. എപ്സ്റ്റീന്റെ ലൈംഗിക ചൂഷണത്തിലെ ഇരയായിരുന്നു ഈ യുവതി. ആന്‍ഡ്രൂവിനൊപ്പമുള്ള ചിത്രങ്ങളും അവര്‍ തെളിവായി ഹാജരാക്കി.

ലൈംഗിക പീഡന ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും തെളിവുകള്‍ പുറത്തുവന്നതോടെ ആന്‍ഡ്രൂവിനെതിരെ പൊതുജനവികാരം ഉയര്‍ന്നു. തുടര്‍ന്ന് 2022ല്‍ ആന്‍ഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നീക്കം ചെയ്തിരുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവ് അധികാരമേറ്റശേഷവും കടുത്ത നടപടികളാണ് സഹോദരനെതിരെ സ്വീകരിച്ചത്. തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ രാജകീയ പദവി എടുത്തുമാറ്റി. കൊട്ടാരത്തിലെ താമസസ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു.