കാബൂളില്‍ സ്‌ഫോടനം; താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനില്‍ മൂന്നു വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി.

author-image
Prana
New Update
blast in kabul

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയും അംഗരക്ഷകരും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ ഹഖാനിയുടെ മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ട്.
കാബൂളില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ താലിബാന്‍ ഖലീല്‍ റഹ്മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിനുള്ളില്‍ സ്‌ഫോടനം ഉണ്ടായതായും ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടതായുമാണ് അധികൃതര്‍ അറിയിച്ചത്. അഫ്ഗാനിസ്താനില്‍ മൂന്നു വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
2021ല്‍ അഫ്ഗാനിസ്താനില്‍ നിന്ന് വിദേശസേന പിന്‍വാങ്ങിയതിന് ശേഷമാണ് ഖലീല്‍ ഹഖാനി താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ മന്ത്രിയാകുന്നത്. യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സേനയ്ക്ക് എതിരായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം.

kabul minister taliban bomb blast