ഖത്തറില്‍ വീണ്ടും സ്‌ഫോടന ശബ്ദം; ഇറാന്റെ ഡ്രോണ്‍ തകര്‍ത്തെന്ന് സൂചന

ദോഹ നഗരത്തിന് മുകളില്‍ ഒന്നിലധികം തവണ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത് ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഖത്തറിന്റെ മിസൈല്‍ പ്രതിരോധ വിഭാഗം അതീവ ജാഗ്രതയിലാണ്.

author-image
Biju
New Update
qatar3

ദോഹ: ഗള്‍ഫ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടന പരമ്പരകള്‍. ഖത്തര്‍ വ്യോമാതിര്‍ത്തി ലക്ഷ്യമാക്കി എത്തിയ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദോഹ നഗരത്തിന് മുകളില്‍ ഒന്നിലധികം തവണ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത് ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഖത്തറിന്റെ മിസൈല്‍ പ്രതിരോധ വിഭാഗം അതീവ ജാഗ്രതയിലാണ്.

അതേസമയം, ഇറാനില്‍ നിന്ന് തൊടുത്തുവിട്ട ഡ്രോണുകള്‍ തങ്ങളുടെ പ്രദേശത്ത് പതിച്ചതായി അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രാലയം  സ്ഥിരീകരിച്ചു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകളില്‍ ഒന്ന് നഖിവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ കെട്ടിടത്തിലാണ് പതിച്ചത്. മറ്റൊന്ന് ഷക്കറാബാദ് ഗ്രാമത്തിലെ സ്‌കൂളിന് സമീപം വീണു. വിമാനത്താവള കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും രണ്ട് സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ അസര്‍ബൈജാന്‍ ശക്തമായി അപലപിച്ചു. ജനവാസ മേഖലകളെയും വിമാനത്താവളങ്ങളെയും ലക്ഷ്യം വച്ചുള്ള ഇത്തരം നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അസര്‍ബൈജാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നത് ആഗോളതലത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.