/kalakaumudi/media/media_files/2025/09/12/ashwin-2025-09-12-14-18-40.jpg)
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ പേസർ അർഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനിൽ ഇടം നൽകാതിരുന്നതിനെക്കുറിച്ച് പ്രതികരിച്ച് ആർ അശ്വിൻ. അർഷ്ദീപിൻറെ സ്ഥാനത്ത് താനായിരുന്നെങ്കിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് തഴഞ്ഞതിൽ നിരാശനാവുമായിരുന്നുവെന്ന് അശ്വിൻ യുട്യൂബ് ചാനലിൽ പറഞ്ഞു. ഗൗതം ഗംഭീർ യുഗത്തിൽ ഇന്ത്യ ബാറ്റിംഗ് കരുത്തിനും സ്പിന്നർമാർക്കുമാണ് പ്രാമുഖ്യം നൽകുന്നതെന്നും ചാമ്പ്യൻസ് ട്രോഫി മുതൽ ഇക്കാര്യ വ്യക്തമാണെന്നും അശ്വിൻ യുട്യൂബ് ചാനലിൽ പറഞ്ഞു.ഈ വർഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമ്പോൾ ദുബായിലേത് വരണ്ട പിച്ചായിരുന്നു. അതുകൊണ്ടാണ് ഒരു പേസറെ മാത്രം പ്ലേയിംഗ് ഇലവനിൽ കളിപ്പിച്ചത് എന്ന് പറയാം. എന്നാലിപ്പോൾ അങ്ങനെയല്ല. യുഎഇക്കെതിരെ പോലും ബാറ്റിംഗിന് ആഴം കൂട്ടേണ്ട യാതൊരു ആവശ്യവുമില്ല. അർഷ്ദീപിന് ആദ്യ മത്സരത്തിൽ തീർച്ചയായും അവസരം നൽകാമായിരുന്നു. അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുമ്പ് രണ്ട് കാര്യങ്ങളിലാണ് സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും പ്രാധാന്യം നൽകുന്നത്.അതിൽ പ്രധാനം ബാറ്റിംഗ് ഡെപ്ത്ത് ആണ്, പക്ഷെ യുഎഇയെ പോലെ ദുർബലരായ ഒരു എതിരാളിക്കെതിരെ എക്സ്ട്രാ ബാറ്ററെ കളിപ്പിക്കേണ്ട ആവശ്യമേയില്ലായിരുന്നു. ശിവം ദുബെയെ അഞ്ചാം ബൗളറായി ഉപയോഗിക്കാനാവുമായിരുന്നു.ലോകകപ്പിലും ഇതേ തന്ത്രമോ?
അതുകൊണ്ട് തന്നെ അർഷ്ദീപിൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആദ്യ മത്സരത്തിൽ കളിപ്പിക്കാതിരുന്നതിൽ തീർത്തും നിരാശനാവുമായിരുന്നു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് അർഷ്ദീപ്. കുറച്ചു കാലം മുമ്പ് വരെ ടി20 റാങ്കിംഗിൽ ഒന്നാമനുമായിരുന്നു. ഇന്ത്യ ജയിച്ച ടി20 ലോകകപ്പിലും മികവ് കാട്ടിയ താരമാണ്. അതുകൊണ്ട് തന്നെ ടീമിലെത്താതിരുന്നതിൽ അവൻ അസ്വസ്ഥനായിരിക്കുമെന്നുറപ്പാണ്. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഗംഭീർ എങ്ങനെയാണ് ടീമിനെ ഒരുക്കുക എന്നതിൻറെ സൂചന കൂടിയാണിത്. കൊൽക്കത്ത മെൻററായിരുന്നപ്പോഴും ഗംഭീർ സ്പിന്നർമാരെ പിന്തുണക്കുന്നയാളായിരുന്നു. ഇന്ത്യൻ ടീമിലും അതേ നയമാണ് അദ്ദേഹം നടപ്പാക്കുന്നതെന്നും അശ്വിൻ പറഞ്ഞു.