ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ നിന്ന് വിട വാങ്ങി റോബർട്ട് ഡുവൽ

‘ദ് ഗോഡ്ഫാദർ’, ‘അപ്പൊക്കലിപ്സ് നൗ’ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓസ്കർ ജേതാവ് റോബർട്ട് ഡുവൽ (95) അന്തരിച്ചു

author-image
Vineeth Sudhakar
New Update
IMG_2601

‘ദ് ഗോഡ്ഫാദർ’, ‘അപ്പൊക്കലിപ്സ് നൗ’ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓസ്കർ ജേതാവ് റോബർട്ട് ഡുവൽ (95) അന്തരിച്ചു. വിർജീനിയയിലെ മിഡിൽബർഗിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ഭാര്യ ലൂസിയാന അറിയിച്ചു. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ നിരവധി കഥാപാത്രങ്ങളെ ഡുവൽ അവതരിപ്പിച്ചു. 1963ൽ ‘ടു കി എൽ എ മോക്കിങ് ബേർഡ്’ എന്ന ചിത്രത്തിലൂടൊണ് ഡുവല്‍ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. ഏഴ് ഓസ്കർ നാമനിർദേശങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ 1983ല്‍ ‘ടെന്‍ഡർ മെഴ്സീസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ റോബർട്ട് ഡുവലിനായിരുന്നു. 1972ല്‍ ഇറങ്ങിയ ‘ദ് ഗോഡ്ഫാദർ’ ആണ് ഡുവാലിനെ പ്രശസ്തിയിലെത്തിച്ചത്. മാഫിയ കുടുംബത്തിലെ ഐറിഷ് വംശജനായ ടോം ഹേഗന്‍ എന്ന ഉപദേശകനായാണ് ഡുവലെത്തിയത്. ‘അപ്പോക്കലിപ്സ് നൗ’വിലെ ലെഫ്റ്റനൻ‍റ് കേണൽ വില്യം കില്‍ഗോർ എന്ന കഥാപാത്രം വിഖ്യാതമായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിനും ഡുവാലിന്  ഓസ്കർ നാമനിർദേശം ലഭിച്ചിരുന്നു. ചിത്രത്തിലെ ‘ഐ ലവ് ദ സ്മെൽ ഓഫ് നാപാം ഇന്‍ ദ മോണിങ്ങ്’ എന്ന ഡയലോഗ് ഇന്നും പ്രശസ്തമാണ്. 31 വയസിൽ അഭിനയമാരംഭിച്ച ഡുവലിന്റെ ‘നെറ്റ്​വർക്ക്’, ‘ദി ഗ്രെയ്റ്റ് സാൻറിനി’ എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1989ൽ പുറത്തിറങ്ങിയ ‘ലോൺസം ഡോവ്’ എന്ന മിനി സീരീസിലെ അഗസ്റ്റസ് മക്റേ എന്ന വേഷമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഡുവൽ സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, പണം മുടക്കി നിർമിച്ച ‘ദ അപ്പസ്തോലൻ’ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം വീണ്ടും ഓസ്കർ നോമിനേഷൻ നേടി. 2005ൽ അമേരിക്ക നാഷണൽ മെഡൽ ഓഫ് ആർട്സ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു