/kalakaumudi/media/media_files/2025/09/17/pycroft-2025-09-17-14-39-59.jpg)
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ആന്‍ഡി പൈക്രോഫ്റ്റ് ഉണ്ടാവില്ല.
ഇന്ത്യ - പാക് മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു.
ഇന്ന് യുഎഇക്കെതിരായ മത്സരത്തില്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ മാച്ച് റഫറി ആയേക്കും. പാക് സമ്മര്‍ദത്തിന് ഭാഗികമായി വഴങ്ങുകയായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍.
നിര്‍ണായകമായത് യുഎഇ -ഒമാന്‍ ബോര്‍ഡുകളുടെ ഇടപെടലെന്നാണ് സൂചന. അതേസമയം, പൈക്രോഫ്റ്റ് ടൂര്‍ണമെന്റ് ചുമതലയില്‍ തുടരും. മറ്റു മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിക്കും.
പൈക്രോഫ്റ്റിനെ മാറ്റണമെന്ന് നേരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആവശ്യപ്പെട്ടിരുന്നു.
അങ്ങനെ വന്നില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്നുള്ള ഭീഷണയും പാകിസ്ഥാന്‍ മുഴക്കിയിരുന്നു.
മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്ഥാന്‍ നായകന് ഹസ്തദാനം നല്‍കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റനോട് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദേശിച്ചുവെന്ന് പിസിബി ആരോപിച്ചു.
അതുപ്രകാരമാണ് സൂര്യകുമാര്‍ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം.
തുടര്‍ന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്.
ഒഴിവാക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്നും അറിയിച്ചു.
എന്നാല്‍ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി മറുപടി നല്‍കി. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
എന്നാല്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു.
വന്‍ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിസിബി പിന്മാറുകയായിരുന്നു.
അതേസമയം, ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ നിര്‍ണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കി.
റദ്ദാക്കാനുള്ള കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.