/kalakaumudi/media/media_files/2026/03/04/dubaius-2026-03-04-08-16-34.jpg)
ദുബായ്: ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം ഡ്രോണ്‍ ആക്രമണം നടന്നതായി വിവരം. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചുവെന്നും എന്നാല്‍ എല്ലാ അമേരിക്കന്‍ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സ്ഥിരീകരിച്ചു. ചൊവ്വാഴ് അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം.
യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപം ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായെന്ന സര്‍ക്കാര്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ സ്ഥിരീകരണം വന്നത്. 'യുഎസ് കോണ്‍സുലേറ്റിന് സമീപം ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്നുണ്ടായ തീ വിജയകരമായി നിയന്ത്രിച്ചതായി ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു.' ദുബായ് മീഡിയ ഓഫീസ് എക്സില്‍ കുറിച്ചു.
വലിയ സ്ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോണ്‍സുലേറ്റിന് സമീപം തീജ്വാലകള്‍ കണ്ടതായും പ്രദേശവാസികള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സിവില്‍ വേഷത്തിലെത്തിയ പൊലീസ് കാഴ്ചക്കാരെ അവിടെനിന്ന് മാറ്റുകയും പ്രദേശത്ത് സുരക്ഷാവലയം തീര്‍ക്കുകയും ചെയ്തു.
അടിയന്തര രക്ഷാസംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളും അതിനെത്തുടര്‍ന്നുള്ള പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ, ശനിയാഴ്ച മുതല്‍ ദുബായിയും മറ്റ് ഗള്‍ഫ് നഗരങ്ങളും ആക്രമണ ഭീഷണിയിലാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ റിയാദിലെ യുഎസ് എംബസിയില്‍ രണ്ട് ഡ്രോണുകള്‍ പതിച്ച് ചെറിയ തോതില്‍ തീപിടുത്തമുണ്ടായതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുബായിലെ സംഭവം നടന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റ് സിറ്റിയിലെ യുഎസ് എംബസിക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.
കോണ്‍സുലേറ്റിന് സമീപം ഡ്രോണ്‍ പതിക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത വ്യക്തമല്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
