/kalakaumudi/media/media_files/2025/12/09/indoneshya-2025-12-09-21-04-59.jpg)
ജക്കാര്‍ത്ത : ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഓഫീസ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഗര്‍ഭിണിയും ഉള്‍പ്പെടുന്നതായി പൊലീസ് പറഞ്ഞു. മധ്യ ജക്കാര്‍ത്തയിലുള്ള ഏഴ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇതോടെ കറുത്ത പുക ആകാശത്ത് വ്യാപിച്ചു.
കെമയോറന്‍ പരിസരത്തുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നതായി സെന്‍ട്രല്‍ ജക്കാര്‍ത്ത പൊലീസ് മേധാവി സുസത്യോ പൂര്‍ണോമോ കോണ്ട്രോ പറഞ്ഞു. തീ അണയ്ക്കാന്‍ നൂറുകണക്കിന് ഉദ്യോഗസ്ഥരെയും 29 ഫയര്‍ ട്രക്കുകളെയും വിന്യസിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഡ്രോണ്‍ കമ്പനിയുടെ വില്‍പ്പന, സംഭരണ ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. നിരവധി തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിനായി പുറത്തുപോയ സമയത്താണ് തീപിടിച്ചത്. സംഭരണ, പരീക്ഷണ മേഖലയിലുണ്ടായിരുന്ന ബാറ്ററിയിലാണ് ആദ്യം തീപിടിച്ചതെന്ന് സാക്ഷികളെ ഉദ്ധരിച്ച് കോണ്ട്രോ പറഞ്ഞു.
മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഏഴ് പുരുഷന്മാരും 15 സ്ത്രീകളും ഉള്‍പ്പെടെ 22 മൃതദേഹങ്ങള്‍ കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങള്‍ കിഴക്കന്‍ ജക്കാര്‍ത്തയിലെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ കറുത്ത പുക ശ്വസിച്ച് സമീപവാസികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കുടുങ്ങിക്കിടന്ന 19 തൊഴിലാളികളെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. പുക ശ്വസിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനും അഗ്‌നിശമന സേനാംഗത്തിനും ശ്വാസ തടസം അനുഭവപ്പെട്ടു. പിടി ടെറാ ഡ്രോണ്‍ എന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
