/kalakaumudi/media/media_files/2025/07/27/den-2025-07-27-13-09-00.jpg)
വാഷിങ്ടന്‍: ലാന്‍ഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നതോടെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റു.
ബോയിങിന്റെ 737 മാക്‌സ് 8 വിമാനം മയാമിയിലേക്ക് പോകുകയായിരുന്നു. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതായി വിമാനക്കമ്പനി അറിയിച്ചു. പരിഭ്രാന്തരായ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതും ലാന്‍ഡിങ് ഗിയറില്‍ തീ കത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം. പ്രദേശമാകെ പുക നിറഞ്ഞു.
വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നതിനിടെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. യാത്രക്കാരെ റണ്‍വേയില്‍ ഇറക്കിയ ശേഷം ബസുകളില്‍ ടെര്‍മിനലിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും എഫ്എഎ വ്യക്തമാക്കി. വിമാനം റണ്‍വേയിലായിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഡെന്‍വര്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ലാന്‍ഡിങ് ഗിയറിന്റെ ടയറിന് 'സാങ്കേതിക തകരാര്‍' ഉണ്ടായതായി അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനം പരിശോധനകള്‍ക്കായി മാറ്റി.