/kalakaumudi/media/media_files/2025/11/20/kiss-2025-11-20-10-21-17.jpg)
ലണ്ടന്‍: സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമാണ് ചുംബനം. മാതാപിതാക്കള്‍ മക്കളോടും മക്കള്‍ മാതാപിതാക്കളോടും ജീവിതപങ്കാളികള്‍ തമ്മിലുമെല്ലാം ചുംബനത്തിലൂടെയാണ് പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഭൂമിയില്‍ ആദ്യമായി ചുംബനം നടന്നത് എപ്പോഴാകും? ആരൊക്കെ തമ്മിലാകും ആദ്യചുംബനം നടത്തിയത്? കൗതുകകരമായ ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഒരുകൂട്ടം ഗവേഷകര്‍.
ഓക്സ്ഫര്‍ഡ് സര്‍വകലാശാലയിലേയും ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും ഗവേഷകരാണ് ഈ ചോദ്യത്തിന് പിന്നാലെ പോയത്. ജീവപരിണാമത്തില്‍ അതിജീവനത്തെ യാതൊരു തരത്തിലും ചുംബനം സഹായിക്കുന്നില്ല എന്ന് മാത്രമല്ല, രോഗങ്ങള്‍ പടരാന്‍ കാരണമാകാനിടയുള്ള ഒന്ന് കൂടിയാണ് ഇത് എന്നതാണ് ഗവേഷകരെ ഇതിന് പിന്നാലെ കൂടാന്‍ പ്രേരിപ്പിച്ചത്.മനുഷ്യര്‍ക്ക് പുറമെ ചിമ്പാന്‍സികള്‍, ബോണോബോസ്, ഒറാങ്ങുട്ടാന്‍, ഗൊറില്ല തുടങ്ങിയവയും ചുംബിക്കാറുണ്ട്. ഇത് ഈ ജീവിവര്‍ഗങ്ങളുടെയെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്ന് ലഭിച്ച ശീലമാണെന്നാണ് വിലയിരുത്തല്‍. പ്രൈമേറ്റുകളുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നുള്ള വിവരങ്ങളും പരിണാമത്തിലെ ബന്ധങ്ങളും ഉപയോഗിച്ചാണ് ആദ്യചുംബനം നടന്നത് എപ്പോഴാണെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിച്ചത്.
ഈ വിവരങ്ങള്‍ മോഡലിങ് സമീപനത്തിലൂടെ സിമുലേറ്റ് ചെയ്തപ്പോഴാണ് ആദ്യചുംബനം നടന്നത് എപ്പോഴായിരിക്കാം എന്ന വിവരം ഗവേഷകര്‍ കണ്ടെത്തിയത്. 2.15 കോടി മുതല്‍ 1.69 കോടി വര്‍ഷം വരെ മുമ്പായിരിക്കാം ആദ്യ ചുംബനം നടന്നതെന്നാണ് നിഗമനം. നേരത്തേ പറഞ്ഞ പൊതുപൂര്‍വികനായ ജീവിവര്‍ഗത്തില്‍ പെട്ടവരാണ് ലോകത്ത് ആദ്യമായി പരസ്പരം ചുംബിച്ചതെന്നും പഠനത്തില്‍ പറയുന്നു.
എവല്യൂഷന്‍ ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയര്‍ എന്ന പിയര്‍-റിവ്യൂഡ് ജേണലിലാണ് ഇക്കാര്യം വിശദീകരിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്. നിയാണ്ടര്‍താലുകളും മനുഷ്യരും തമ്മില്‍ 'ലിപ്ലോക്ക്' ചെയ്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്കും പഠനം വിരല്‍ ചൂണ്ടുന്നു. രണ്ട് ജീവിവര്‍ഗങ്ങളുടേയും വായില്‍ ഒരേ സൂക്ഷ്മാണുക്കളെ കണ്ടെത്തിയതോടെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
