അധിനിവേശ വെസ്‌റ്റ് ബാങ്കില്‍ രണ്ടാം ദിവസത്തെ ആക്രമണത്തില്‍ അഞ്ച് പലസ്‌തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലുമായുള്ള അതിര്‍ത്തിക്കടുത്തുള്ള തുല്‍ക്കറിലുള്ള പള്ളിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന അഞ്ച് 'ഭീകരാണ്' കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) പറഞ്ഞു. ബുധനാഴ്‌ച മുതലാണ് വെസ്‌റ്റ്ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ് ഇസ്രയേല്‍ ആക്രമണം ഉടനടി നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.
സ്‌ഫോടനാത്മകമായ സാഹചര്യത്തിന് ഇന്ധനം പകരരുത്. പരമാവധി സംയമനം പാലിക്കണമെന്നും അത് കര്‍ശനമായി ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം മാരകമായ ബലപ്രയോഗം നടത്താവുള്ളൂവെന്നും അദ്ദേഹം ഇസ്രയേലി സേനയോട് അഭ്യര്‍ഥിച്ചു.തുല്‍ക്കറില്‍ നടന്ന വെടിവയ്‌പ്പിനുശേഷമാണ് അഞ്ച് പലസ്‌തീനികള്‍ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ്. പറഞ്ഞത്.പലസ്‌തീന്‍ ഇസ്ലാമിക് ജിഹാദ് തീവ്രവാദി ഗ്രൂപ്പിന്റെ പിന്തുണയുള്ള തുല്‍ക്കരെം ബ്രിഗേഡിന്റെ പ്രാദേശിക നേതാവ് അബു ഷുജാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് ജാബറാണ് കൊല്ലപ്പട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞു.ഇസ്രയേലികള്‍ക്കെതിരായ നിരവധി ആക്രമണങ്ങളുമായി ജാബറിന് ബന്ധമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഐ.ഡി.എഫ്. പറഞ്ഞു. ജെനിനില്‍ നഗരത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്. ഈ ക്യാമ്പ് സായുധ സംഘങ്ങളുടെ താവളമാണെന്നാണ് ആരോപിക്കപ്പെടുന്നത്. മുമ്പ് നിരവധി ക്രൂരമായ യുദ്ധങ്ങള്‍ക്ക് ക്യാമ്പ് വേദിയായിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രിക്ക് ചുറ്റും പാര്‍ക്ക് ചെയ്‌തിരിക്കുന്ന ആംബുലന്‍സുകള്‍ തടഞ്ഞുനിര്‍ത്തി സൈനികര്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനുശേഷം ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു. ഇവരില്‍ 17,000 പേര്‍ കുട്ടികളെന്നും റിപ്പോര്‍ട്ട്.
ഇസ്രയേല്‍ ആക്രമണം 320 ദിവസം പിന്നിട്ടതോടെയാണ് മരണസംഖ്യ സംബന്ധിച്ച വിവരം പുറത്തുവന്നത്. ഇതനുസരിച്ച് ഗാസയിലുണ്ടായിരുന്ന ആകെ കുട്ടികളില്‍ 2.6 ശതമാനം പേരാണു മരണത്തിനു കീഴടങ്ങിയത്.
അതിനിടെ ഹമാസ് ബന്ദിയാക്കിയ തങ്ങളുടെ പൗരനെ മോചിപ്പിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ദക്ഷിണ ഗാസ മുനമ്പിലെ ഒരു തുരങ്കത്തില്‍നിന്ന് അന്‍പത്തിരണ്ടുകാരന്‍ കെ്വയ്‌ദ് ഫര്‍ഹാന്‍ അല്‍കാദിയെയാണ് രക്ഷിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ഇന്നലെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 104 പേരെ ഇനിയും കണ്ടെത്താനുണ്ട്.