/kalakaumudi/media/media_files/2026/01/03/iran-pr-2026-01-03-08-15-22.jpg)
ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരികള്‍ തുടങ്ങിവെച്ച സമരം ഇറാനിലെ ഖമേനി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി വളരുന്നു. രാജ്യവ്യാപകമായി ആളിപ്പടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ എഴുപേരാണ് കൊല്ലപ്പെട്ടത്. പുരോഹിത ഭരണം അവസാനിപ്പിക്കാനും പഴയ രാജഭരണം മതിയെന്നും പറയുന്ന മുദ്രാവാക്യങ്ങള്‍ യുവജനങ്ങള്‍ ഏറ്റെടുത്ത പ്രക്ഷോഭത്തില്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങി.
പതിറ്റാണ്ടുകളായി ഇറാനില്‍ വിലക്കപ്പെട്ട ഒന്നായിരുന്നു പഴയ പഹ്ലവി രാജവംശത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങള്‍. ഇപ്പോള്‍ ആയത്തൊള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഭരണ സംവിധാനത്തിനെതിരായ 1979-ല്‍ പുറത്താക്കപ്പെട്ട പഹ്ലവി രാജവംശത്തെയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.
ഇറാനിയന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം ക്രമാതീതമായി ഇടിയുകയും (ഒരു യുഎസ് ഡോളറിന് ഏകദേശം 42,000 റിയാല്‍) പണപ്പെരുപ്പം 42 ശതമാനത്തിന് മുകളിലെത്തുകയും ചെയ്തതാണ് ജനങ്ങളെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചത്. ടെഹ്‌റാനിലെ വ്യാപാരികള്‍ക്കിടയില്‍ തുടങ്ങിയ പ്രതിഷേധം രാജ്യത്തെ 30-ലധികം നഗരങ്ങളിലേക്ക് പടര്‍ന്നിരിക്കുകയാണ്. 'മുല്ലമാര്‍ ഇറാന്‍ വിടുക', ഏകാധിപത്യം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ തീവ്രവാദ, വിഘടനവാദി ഗ്രൂപ്പുകളെ ഭരണകൂടം പിന്തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞാണ് അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആണവ സമ്പുഷ്ടീകരണത്തിന്റെ പേരിലും വലിയ ഉപരോധങ്ങള്‍ ഇറാന്‍ നേരിടുന്നുണ്ട്. ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ക്രൂഡോയില്‍ വില്‍പ്പനയെയും ഉപരോധം സാരമായി ബാധിച്ചു. ഉപരോധങ്ങള്‍ കടുപ്പിച്ചതോടെ ഇറാന്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുകയും അത് സാമ്പത്തിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
ഇസ്രയേലുമായുണ്ടായ സംഘര്‍ഷവും കാര്യങ്ങള്‍ വഷളാക്കി. രാജ്യത്തെ പണപ്പെരുപ്പം പരിധിവിട്ട് ഉയര്‍ന്നതോടെ ജനജീവിതം ദുസ്സഹമായി. സാമ്പത്തികമായ ഈ കടുത്ത ബുദ്ധിമുട്ടുകള്‍ കാരണമാണ് ടെഹ്‌റാനിലെ വ്യാപാരികള്‍ക്കിടയില്‍ ആദ്യം പ്രതിഷേധം ആരംഭിച്ചതും പിന്നീട് യുവജനങ്ങള്‍ അത് ഏറ്റെടുത്ത് മറ്റ് നഗരങ്ങളിലേക്ക് പടര്‍ത്തിയതും. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ഇറാന്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടതും സാമ്പത്തിക നില തകര്‍ന്നതും ജനങ്ങളില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ അമേരിക്കയില്‍ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി പ്രക്ഷോഭകാരികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ഭാവി ഭരണക്രമം തീരുമാനിക്കാന്‍ സ്വതന്ത്ര ഹിതപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ഭരണകൂടത്തെ നീക്കം ചെയ്യണമെന്നും അതിനായി രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്‍ സ്വതന്ത്രമാകുന്നതുവരെ ഈ മുന്നേറ്റം വിപുലീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന് പകരം ലിബറല്‍ ജനാധിപത്യ ഭരണക്രമം കൊണ്ടുവരുമെന്നാണ് റെസ പഹ്ലവി വാദിക്കുന്നത്.
1979-ല്‍ പഹ്ലവി രാജവംശത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇസ്ലാമിക വിപ്ലവത്തിലൂടെയാണ് പഹ്ലവി രാജവംശത്തിന്റെ ഭരണം ഇറാനില്‍ അവസാനിച്ചത്. എന്നാല്‍, പുതിയ ഭരണസംവിധാനത്തിന് ആദ്യഘട്ടങ്ങളില്‍ ജനകീയ പിന്തുണയുണ്ടായിരുന്നുവെങ്കിലും കാലക്രമേണ പഴയ രാജവംശകാലത്തെ ഭരണത്തേക്കാള്‍ വലിയ അടിച്ചമര്‍ത്തലുകളാണ് രാജ്യത്തുണ്ടായത്. ഇതിന് പുറമെ ഷിയാ- സുന്നി സംഘര്‍ഷങ്ങള്‍ക്ക് മേഖലയില്‍ തീ കൊളുത്തുന്നതിലും ഇറാനിലെ ഭരണകൂടത്തിന് പങ്കുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
