ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ട് എയര്‍ലൈന്‍സ്

ഒരു നിമിഷം പോലും എനിക്ക് എല്ലാം നഷ്ടമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല-ഡയല പറഞ്ഞു. വിഡിയോയില്‍ എവിടെയും തന്റെ തൊഴിലുടമയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും യുവതി പ്രതികരിച്ചിട്ടുണ്ട്.

author-image
Biju
New Update
plane

Viral Video

സോഷ്യല്‍ മീഡിയയുടെ അതിപ്രസരകാലത്ത് എങ്ങനെയെങ്കിലും ഒന്ന് ഫേമസാവാന്‍ ഒരു വീഡിയോയോ റീലോ എടുത്ത് നോക്കാത്തവര്‍ വളരെ കുറവാണ്. ഒറ്റക്ലിക്കില്‍ ചിലപ്പോ ചിലരങ്ങ് ഹിറ്റാകും പക്ഷെ കൊല്ലങ്ങളോളം ശ്രമിച്ചിട്ടും മരുന്നിന് പോലും ഒന്ന് പച്ചപിടിക്കാത്തവരുമുണ്ട്. 

പലപ്പോഴും ആവേശം കൂടി സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും നഷ്ടപ്പെടുത്തുന്ന വാര്‍ത്തയും നമ്മള്‍ കേള്‍ക്കാറുണ്ട്്. എന്നാല്‍ ഒന്ന് വൈറലാവാന്‍ നോക്കിയതാ ഉണ്ടായിരുന്ന പണിയും പോയി. അച്ചടക്കമില്ലാതെ പെരുമാറിയതിന് ഇനിയൊരു ജോലി അങ്ങ് തീണ്ടാപ്പാടകലെയുമാണ്. അങ്ങനൊരു യുവതിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

സംഭവം എന്താണെന്നല്ലേ?...

യൂണിഫോമില്‍  ടിക് ടോക്ക് വിഡിയോ പോസ്റ്റ് ചെയതതിന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും മാത്രമല്ല മറ്റുകമ്പനികളോട്് അവര്‍ അച്ചടക്കമില്ലാത്തവാരാണെന്ന് പറയുകയും ചെയ്തിരിക്കുകയാണ്. അലാസ്‌ക എയര്‍ലൈന്‍സിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ നെല്ലെ ഡയലയാണ്, പ്രൊബേഷന്‍ കാലയളവ് അവസാനിച്ചതിന്റെ സന്തോഷത്തില്‍ യൂണിഫോമില്‍  നൃത്തം ചെയ്തത്. തുടര്‍ന്ന് ഇത് സമൂഹ മാധ്യമമായ ടിക് ടോക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കമ്പനിയുടെ സോഷ്യല്‍ മീഡിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. അതേസമയം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഡയല പറയുന്നത്. ഫ്‌ളൈറ്റില്‍ ക്യാപ്റ്റന്‍ വരുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് താന്‍ വിഡിയോ ചിത്രീകരിച്ചതെന്നും ആ സമയം മറ്റ് ജീവനക്കാരോ യാത്രക്കാരോ വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഡയല വ്യക്തമാക്കി.

''ഒരു നിമിഷം പോലും എനിക്ക് എല്ലാം നഷ്ടമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,'' ഡയല പറഞ്ഞു. വിഡിയോയില്‍ എവിടെയും തന്റെ തൊഴിലുടമയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും യുവതി പ്രതികരിച്ചിട്ടുണ്ട്. 

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ലോകത്ത് ഏറ്റവും കൂടിതല്‍ പേര്‍ കണ്ട വീഡിയോയുടെ പേരില്‍ ഒരു മലയാളി അങ്ങ് വൈറലാവുകയും ചെയ്തിട്ടുണ്ട്. ജര്‍മനി, സ്പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാളും കാഴ്ചക്കാരാണ് ഈ വീഡിയയോക്ക് ഉണ്ടായതെന്നാണ് പറയുന്നത്. മലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാന്റെതാണ് വൈറലായ റീല്‍. കഴിഞ്ഞ ദിവസം വരെ 554 മില്ല്യണ്‍ വ്യൂസാണ് റീലിനുള്ളത്.

ലഭിച്ച റെക്കോഡ് സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന വീഡിയോ റിസ്വാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈവീഡിയോയും നേരത്തേ വൈറലായ റീലും സംയോജിപ്പിച്ചാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ വീഡിയോയ്ക്കും നിലവില്‍ 194 മില്ല്യണ്‍ കാഴ്ചക്കാരുണ്ട്.

മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്ബോള്‍ ഫ്രീകിക്കാണ് വൈറലായത്. ഒരു തമാശയ്ക്ക് ചെയ്ത വീഡിയോ ആണെന്നാണ് അന്ന് റിസ്വാന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

'കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ തമാശയ്ക്ക് ചെയ്തൊരു വീഡിയോ ആണിത്. എടുക്കുമ്പോള്‍ അപ് ലോഡ് ചെയ്യുമെന്ന് പോലും കരുതിയിരുന്നില്ല. പിന്നെ തോന്നി ഇന്‍സ്റ്റയിലിടാമെന്ന്. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് ലക്ഷം പേര് കണ്ടുകഴിഞ്ഞിരുന്നു. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും ഒരു മില്യണുമായി,'' - അന്ന് റിസ്വാന്‍ പറഞ്ഞു.

റിസ്വാന്‍ ഇതുപോലുള്ള ഒരുപാട് റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്. മലമുകളിലും കാറിനുമുകളിലും വെള്ളത്തിലുമെല്ലാം ഈ 21-കാരന്റെ ഫുട്ബോള്‍ വൈദഗ്ധ്യം കാണാം. പന്തുകൊണ്ട് മാത്രമല്ല, മൊബൈല്‍ ഫോണ്‍ കൊണ്ടും റിസ്വാന്‍ മനോഹരമായ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. അസാധ്യമായ പന്തടക്കമാണ് റിസ്വാന്റെ പ്രത്യേകത. യൂട്യൂബിലൂടെ വിദേശതാരങ്ങളുടെ സ്‌റ്റൈലുകള്‍ കണ്ട് അനുകരിച്ചാണ് റിസ്വാന്‍ ഇതെല്ലാം പഠിച്ചത്. 

 

flight viral video