/kalakaumudi/media/media_files/2025/03/03/P8xrdLXGIfXnRoghVok3.jpg)
വാഷിങ്ടണ്‍: നിരവധി മികച്ച സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2024. ഒട്ടനേകം പുതിയ താരങ്ങളും കഴിഞ്ഞവര്‍ഷം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ 2024 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമാതാരങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഫോര്‍ബ്‌സ്.
കഴിഞ്ഞവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്ന ആരാധകരുടെ സ്വന്തം ദി റോക്കിനാണ്. 88 മില്യണ്‍ ഡോളര്‍ ആയിരുന്നു 2024ലെ റോക്കിന്റെ വരുമാനം. ഇതോടെ ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് ഡ്വെയ്ന്‍ ജോണ്‍സണ്‍.
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി റോക്ക് മാറുന്നത് ഇത് ആദ്യമായല്ല. ഫോര്‍ബ്‌സ് പട്ടികയില്‍ ഇത് അഞ്ചാമത്തെ തവണയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി റോക്ക് മാറുന്നത്. 2016 ല്‍ ആണ് ആദ്യമായി റോക്ക് ഒന്നാം സ്ഥാനത്ത് എത്തുന്നത്. 64.5 മില്യണ്‍ ഡോളര്‍ ആയിരുന്നു ആ വര്‍ഷം അദ്ദേഹം പ്രതിഫലമായി നേടിയിരുന്നത്.
പിന്നീട് 2019, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം റോക്ക് ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇതാ റോക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
'റെഡ് വണ്‍', 'മോണ 2' എന്നീ ചിത്രങ്ങളായിരുന്നു 2024 ല്‍ ഡ്വെയ്ന്‍ ജോണ്‍സണിന്റേതായി പുറത്തിറങ്ങിയിരുന്നത്. ജെയ്ക്ക് കാസ്ഡാന്‍ സംവിധാനം ചെയ്ത റെഡ് വണ്‍ ഒരു ക്രിസ്മസ് ആക്ഷന്‍ കോമഡി ചിത്രമായിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രം നേടിയത്. വാള്‍ട്ട് ഡിസ്‌നി ആനിമേഷന്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ആനിമേറ്റഡ് മ്യൂസിക്കല്‍ അഡ്വഞ്ചര്‍ ചിത്രമായ മോണ 2-ല്‍ മൗയിക്ക് ശബ്ദം പകര്‍ന്നത് ഡ്വെയ്ന്‍ ജോണ്‍സണ്‍ ആയിരുന്നു.
ഒരു പ്രൊഫഷണല്‍ ഗുസ്തിക്കാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ഡ്വെയ്ന്‍ ജോണ്‍സണ്‍ ഗോദയിലെ തന്റെ വിളിപ്പേരായ ദി റോക്ക് എന്ന പേരിലാണ് ഇപ്പോഴും ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന്റെ വളര്‍ച്ചയില്‍ തന്നെ അവിഭാജ്യ ഘടകമായിരുന്ന ഗുസ്തി താരം ആണ് റോക്ക്. എട്ടുവര്‍ഷം നീണ്ടുനിന്ന ഡബ്ലിയു.ഡബ്ലിയു.ഇ ഗുസ്തി ഷോകള്‍ക്ക് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്.
അമേരിക്കയില്‍ പ്രത്യേകിച്ച് വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് 52 വയസ്സുകാരനായ റോക്ക്. 2001-ല്‍ പുറത്തിറങ്ങിയ ദി മമ്മി റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഫാസ്റ്റ് & ഫ്യൂരിയസ് സീരീസുകളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം വലിയ വാണിജ്യ വിജയങ്ങള്‍ സ്വന്തമാക്കി തുടങ്ങിയത്. ഇപ്പോഴിതാ അഞ്ചു തവണയായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായും റോക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
2024-ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ 85 മില്യണ്‍ ഡോളര്‍ വരുമാനവുമായി കനേഡിയന്‍-അമേരിക്കന്‍ നടനും നിര്‍മാതാവുമായ റയാന്‍ റെയ്‌നോള്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ഡെഡ്പൂള്‍ സീരീസുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് ഈ സീരീസില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ എന്ന ചിത്രമാണ് വലിയ പ്രതിഫലം നേടിക്കൊടുത്തത്.
ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് റയാന്‍ റെയ്‌നോള്‍ഡ്‌സ്. ഫോര്‍ബ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് അമേരിക്കന്‍ ഹാസ്യതാരവും നടനുമായ കെവിന്‍ ഹാര്‍ട്ട് ആണ്. 81 മില്യണ്‍ ഡോളറാണ് 2024ലെ കെവിന്‍ ഹാര്‍ട്ടിന്റെ വരുമാനം. 60 മില്യണ്‍ ഡോളറുമായി ജെറി സീന്‍ഫെല്‍ഡ് ആണ് നാലാം സ്ഥാനത്ത് ഉള്ളത്.
ഹാസ്യനടനും സംവിധായകനും കൂടിയാണ് ജെറി സീന്‍ഫെല്‍ഡ്. 2024ല്‍ പുറത്തിറങ്ങിയ അണ്‍ഫ്രോസ്റ്റഡ് എന്ന ചിത്രത്തില്‍ അദ്ദേഹം നിര്‍മ്മാതാവായും സംവിധായകനായും അഭിനേതാവായും പ്രവര്‍ത്തിച്ചിരുന്നു. ഡെഡ്പൂള്‍ & വോള്‍വറിന്‍ നടന്‍ ഹ്യൂ ജാക്ക്മാന്‍ ആണ് 50 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫോര്‍ബ്‌സ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തുള്ളത്.