/kalakaumudi/media/media_files/2025/11/17/hasina-2025-11-17-18-02-48.jpg)
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിചാരണ മുന്‍കൂട്ടി തയ്യാറാക്കിയ വ്യാജ തിരക്കഥയാണെന്ന് ബംഗ്ലാദേശ് മുന്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രിയും അവാമി ലീഗ് നേതാവുമായ മുഹമ്മദ് അലി അറഫത്ത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശിനെ കിഴക്കന്‍ പാകിസ്താന്‍ ആക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഹസീനയുടെ അടുത്ത അനുയായിയായ അദ്ദേഹം ആരോപിച്ചു.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കപട വിചാരണയാണ് നടന്നതെന്നും നടപടിക്രമങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ചത് മുഹമ്മദ് യൂനുസും ഭരണകൂടവുമാണെന്നും മുഹമ്മദ് അലി അറഫത്ത് എന്‍ഡിടിവിയോട് പറഞ്ഞു. രാജ്യം ജിഹാദികളുടെ കയ്യിലായിരിക്കുന്നു, യൂനുസാണ് അവര്‍ക്ക് നേതൃത്വം നല്‍കുന്നത്. ജനങ്ങളുടെ സഹായത്തോടെ, രാഷ്ട്രീയപരമായി ഈ സംഘത്തെ മുഴുവന്‍ നമ്മള്‍ പരാജയപ്പെടുത്തണം. ജമാഅത്തെ ഇസ്ലാമി ഭരണരംഗത്ത് നുഴഞ്ഞുകയറിയിരിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രാജ്യത്തെ തീവ്രവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ബംഗ്ലാദേശിനെ കിഴക്കന്‍ പാകിസ്താന്‍ ആക്കി മാറ്റാന്‍ ശ്രമിക്കുന്നു. യൂനുസ് അധികാരം പിടിച്ചെടുക്കുന്നത് തുടരാന്‍ ജിഹാദികളില്‍ നിന്നാണ് പിന്തുണ നേടുന്നത്. ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു.
ഫലം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അവര്‍ അവാമി ലീഗിനെ മാത്രമല്ല, മറ്റ് പുരോഗമന പാര്‍ട്ടികളെയും തടയുകയാണ്. അവാമി ലീഗിന് രണ്ടുകോടിയിലധികം സജീവ അംഗങ്ങളുണ്ട്. ബംഗ്ലാദേശിലെ ഏറ്റവും വലിയ പാര്‍ട്ടിയാണിത്. ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വരാന്‍ കാരണം അവാമി ലീഗാണ്. പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തിരിച്ചടി നേരിടേണ്ടി വരും. അടിച്ചമര്‍ത്തല്‍ ശ്രമം 1971-ല്‍ വിലപ്പോയില്ല. ഇപ്പോഴും വിലപ്പോവുകയില്ല. അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
