മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദും കൊല്ലപ്പെട്ടു

അഹമ്മദി നെജാദിന്റെ വസതി തകര്‍ന്നടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

author-image
Biju
New Update
nejad

ടെഹ്‌റാന്‍: മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് ഇന്നലെ നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദി നെജാദിനൊപ്പം അദ്ദേഹത്തിന്റെ അടുത്ത ഉപദേശകരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ടെഹ്റാനിലെ വടക്കുകിഴക്കന്‍ നര്‍മക്  ജില്ലയിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് നേരെയാണ് ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ അംഗങ്ങളായിരുന്നു. അഹമ്മദി നെജാദിന്റെ വസതി തകര്‍ന്നടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍, തിരിച്ചടി ശക്തമാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചു. മേഖലയിലെ അമേരിക്കന്‍, ഇസ്രായേല്‍ സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'നമ്മുടെ നേതാവിന്റെ രക്തസാക്ഷിത്വം വര്‍ഷങ്ങളായുള്ള ത്യാഗത്തിന്റെ പരിസമാപ്തിയാണ്,' എന്ന് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ നടപടിയെ വിമര്‍ശിക്കുകയും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയല്‍രാജ്യങ്ങള്‍ ശത്രുക്കളല്ലെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ തങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുഎസ് താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇറാന്‍ അവകാശപ്പെട്ടു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. മേഖലയിലെ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് ഉത്തരവാദി ഇറാനാണെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.